Site iconSite icon Janayugom Online

ദേശീയ പതാകയ്ക്ക് അഭിവാദ്യമർപ്പിച്ച് ഇന്ത്യൻ സമൂഹം; ഷാർജ ഇന്ത്യൻ അസോസിയേഷൻ യുഎഇ പതാക ദിനം ആചരിച്ചു

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പതാക ദിനം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സമുചിതമായി ആചരിച്ചു. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ അസോസിയേഷൻ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണത്തെ അനുസ്മരിച്ചുകൊണ്ട് പതാക ഉയർന്നപ്പോൾ രാജ്യത്തോടുള്ള പ്രതിബദ്ധതയും ആദരവും എല്ലാവരും പുതുക്കി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നിലനിൽക്കുന്ന പങ്കാളിത്തത്തിനും ആഴത്തിലുള്ള സൗഹൃദത്തിനും ഈ പതാക സാക്ഷ്യം വഹിക്കുന്നതായി ഭാരവാഹികൾ ഓർമ്മിപ്പിച്ചു.പതാക ദിന സന്ദേശവും പ്രതിജ്ഞയും വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ വായിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇയിലെ പൗരന്മാരോടും താമസക്കാരോടുമൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നതിൽ അഭിമാനിക്കുന്നുവെന്നും സമാധാനം, സമൃദ്ധി, ഐക്യത്തിന്റെ തകരാത്ത ചൈതന്യം എന്നിവയുടെ പ്രതീകമായി യുഎഇയുടെ പതാക ഉയർന്നു പറക്കട്ടെയെന്നും സന്ദേശം ഊന്നിപ്പറഞ്ഞു.ജോയിന്റ് ട്രഷറർ പി കെ റെജി നന്ദി പറഞ്ഞു.

 

മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്‌, പ്രഭാകരന്‍ പയ്യന്നൂര്‍, അനീസ്‌ റഹ്‌മാന്‍,യൂസഫ്‌ സഗീര്‍, നസീര്‍ കുനിയില്‍ എന്നിവരും ടി കെ അബ്ദുൾ ഹമീദ്, മുജീബ് റഹ്മാൻ, അബ്ദുറഹ്മാൻ മാസ്റ്റർ , മുന്‍ കമ്മിറ്റി അംഗങ്ങള്‍,അസോസിയേഷന്‍ സ്‌റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version