Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ ഗുവാഹാട്ടി ടെസ്റ്റിലെ തോല്‍വിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് അനുയോജ്യനാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ പറഞ്ഞത്. ഇതടക്കം കടുത്ത ചോദ്യങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീറിന് നേരിടേണ്ടി വന്നത്. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. അതും വൈറ്റ് വാഷ് വിജയം.

ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. ഇംഗ്ലണ്ടില്‍ റിസല്‍റ്റ് ഉണ്ടാക്കിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ, ഏഷ്യാ കപ്പ് നേടിയ അതേ വ്യക്തിയാണ് ഞാന്‍. ഇത് പഠിച്ചുവരുന്ന ഒരു ടീമാണ് എന്ന് ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഓരോ വ്യക്തിയും ഈ പരമ്പര തോല്‍വിക്ക് ഉത്തരവാദികളാണെന്ന് ഗംഭീര്‍ പറഞ്ഞു. എന്നാല്‍ കുറ്റം തന്നില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version