Site iconSite icon Janayugom Online

കാണ്‍പൂരില്‍ കണ്ടത് ഇന്ത്യന്‍ വിജയഭേരി

ടെസ്റ്റ് ക്രിക്കറ്റ് ടി20 ക്രിക്കറ്റിനെക്കാള്‍ ആവേശകരമായ മത്സരത്തില്‍ വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യ വിജയം പിടിച്ചെടുത്തു. മഴമൂലം രണ്ട് ദിവസം പൂര്‍ണമായും നഷ്ടപ്പെട്ടു, ആദ്യ ദിവസം കളി നടന്നത് 35 ഓവര്‍ മാത്രം. ഇതോടെ മത്സരം സമനിലയില്‍ തന്നെ കലാശിക്കുമെന്ന് ഏവരും വിധിയെഴുതി. എന്നാല്‍ ആ വിധിയെപ്പോലും തിരുത്തിക്കുറിച്ച് ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ അത്യുജ്വല വിജയമാണ് ഇന്ത്യ നേടിയെടുത്തത്. നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ രണ്ടും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏവരും സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വ ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മൂന്നു ദിവസം മഴയില്‍ നഷ്ടപ്പെട്ടതോടെ വിരസമായ സമനിലയില്‍ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ജയ്‌സ്വാള്‍, കോലി എന്നിവര്‍ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 

രണ്ടു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നലെ മത്സരം പുനരാരംഭിച്ചത്. ടീം സ്‌കോറിലേക്ക് 120 റണ്‍സ് കൂട്ടിച്ചേര്‍ക്കവെ ശേഷിച്ച എട്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഷദ്മാന്‍— ഷാന്റോ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ ചെറുതായി പതറിയിരുന്നു. എന്നാല്‍ ഡ്രിങ്ക്‌സ് ബ്രേക്കിനുശേഷം അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ പിഴുത് ബംഗ്ലാദേശിനെ ഇന്ത്യ തരിപ്പണമാക്കി.
അവസാന ദിനം സമനില പ്രതീക്ഷയില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് അശ്വിന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഇന്നിങ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ മോമിനുള്‍ ഹഖിനെ(2) ലെഗ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. ആദ്യ ഇന്നിങ്സില്‍ അശ്വിനെതിരെ സ്വീപ് ഷോട്ട് കളിച്ച് റണ്‍സടിച്ച മോനിമുളിനെ പൂട്ടാല്‍ ലെഗ് സ്ലിപ്പ് ഇടാനുള്ള രോഹിത്തിന്റെ തന്ത്രമാണ് ഫലം കണ്ടത്. നജ്മുൾ ഹൊസൈന്‍ ഷാന്റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്ലാമും പിടിച്ചുനിന്നതോടെ ഇന്ത്യക്ക് സമ്മര്‍ദമായി. ഇരുവരും ചേര്‍ന്ന് ഒന്നാം ഇന്നിങ്സ് കടം വീട്ടിയതിനൊപ്പം ബംഗ്ലാദേശിനെ 91 റണ്‍സിലെത്തിച്ചു.

എന്നാല്‍ ഷാന്റോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഭീഷണിയായ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ഷദ്നാൻ ഇസ്ലാമിനെ(50) ആകാശ് ദീപ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അൽ ഹസനെയും വീഴ്ത്തിയ ജഡേജ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ബംഗ്ലാദേശ് 91–3ല്‍ നിന്ന് 94–7ലേക്ക് കൂപ്പുകുത്തി. മെഹ്ദി ഹസൻ മിറാസ് (ഒമ്പത്), തൈജുൽ ഇസ്ലാ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബംഗ്ലദേശ് ബാറ്റർമാർ. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണ് എതിരാളികളെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ 233ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ എൽ രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറി തികച്ചു. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ടി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണ് പുറത്തെടുത്തത് 10.1 ഓവറില്‍ സ്കോർ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50, 100, 150, 200, 250 സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. 

Exit mobile version