Site iconSite icon Janayugom Online

വളര്‍ച്ചയുടെ ഗുണം ഉപരിവര്‍ഗങ്ങള്‍ക്ക് ; ധനകാര്യ മന്ത്രാലയ റിപ്പോര്‍ട്ട്

ഇന്ത്യൻ സമ്പദ്ഘടനയിലെ വളര്‍ച്ചയുടെ ഗുണം മധ്യ‑ഉപരിവര്‍ഗങ്ങളില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന് ധനകാര്യ മന്ത്രാലയം. ഒക്ടോബര്‍ മാസത്തെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്പാദനം 6.5 ശതമാനമായിരിക്കുമെന്നും ജിഎസ്‌ടി പിരിച്ചെടുത്തതില്‍ വര്‍ധനയും കാര്‍ വില്പനയില്‍ റെക്കോഡ് വര്‍ധനയും ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. ഉപരി മധ്യ വര്‍ഗത്തിനാണ് കൂടുതല്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിലും നഗര മേഖലയിലെ തൊഴിലാളികളിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു.

ശമ്പളത്തില്‍ മാറ്റമില്ലാത്തതും ഗ്രാമീണ മേഖലയില്‍ ഉപഭോഗത്തില്‍ വളര്‍ച്ചയില്ലാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായും അസമത്വം വളരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2026ഓടെ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന. രാജ്യത്ത് മൊത്ത ആഭ്യന്തര ഉല്പാദനം വളരുന്നുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിക്കുന്നത് മുകള്‍ത്തട്ടിലുള്ളവര്‍ക്കാണെന്നും ഇത് തിരുത്തേണ്ടതുണ്ടെന്നും ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 2022ലെ ആഗോള അസമത്വ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വിഭാഗത്തിന് മാത്രം കൂടുതല്‍ വരുമാന വളര്‍ച്ചയുള്ളതും സാമ്പത്തിക അസമത്വവുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് ആഗോള അസമത്വ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക അന്തരം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറ‌ഞ്ഞിരുന്നു. താഴെത്തട്ടിലെ 50 ശതമാനത്തെക്കാള്‍ 20 മടങ്ങ് അധികമാണ് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ആദ്യ 10 ശതമാനത്തിന്റെ വരുമാനമെന്നും ധന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ വരുമാനത്തിന്റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനം പേരുടെ കൈകളിലാണെന്നും താഴെത്തട്ടിലെ 50 ശതമാനത്തിന്റെ കൈകളില്‍ ആകെ 13 ശതമാനം വരുമാനമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

റെക്കോഡ് കാര്‍ വില്പനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 10 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകളുടെയും എസ്‌യുവി കാറുകളുടെയും വില്പനയില്‍ വര്‍ധനയുണ്ടായി. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2023ല്‍ രാജ്യത്തെ ലക്ഷ്വറി വീടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയുണ്ടായെന്നും ചെറു വീടുകളുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 68 ശതമാനത്തില്‍ നിന്നും 51 ശതമാനമായാണ് ചെറുവീടുകളുടെ ആവശ്യകത കുറഞ്ഞത്.

Exit mobile version