ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പണക്കൊഴുപ്പും കൈക്കരുത്തും നിഷ്പക്ഷതയുടെയും സുതാര്യതയുടെയും അഭാവവും കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണവും സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്നു. അത് കൂടുതല്‍ ഗൗരവതരമായത് ബിജെപി അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും കൂടുതല്‍ സംശയാസ്പദമാകുകയും പണക്കൊഴുപ്പ് അനിതരസാധാരണമാകുന്ന തരത്തില്‍ ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ അഴിമതിയെ നിയമവല്‍ക്കരിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനുശേഷമാണ്. ഇലക്ടറല്‍ ബോണ്ടും അംഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന 1998ലെ വിധിയും റദ്ദാക്കി സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് പരിഷ്കരണവും അതിന് സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത സമിതി നല്‍കിയ ശുപാര്‍ശകളും വീണ്ടും സജീവചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത് 1960കളുടെ അവസാനത്തോടെയാണ്. മത്സരിക്കുന്ന സ്ഥാനാർത്ഥികളില്‍ ഏറ്റവും മുന്നിലെത്തുന്നയാള്‍ അഥവാ കൂടുതൽ വോട്ടുകൾ നേടുന്നയാള്‍ തെരഞ്ഞെടുക്കപ്പെടുകയെന്ന രീതി (ഫസ്റ്റ് പാസ്റ്റ്-ദി-പോസ്റ്റ് (എഫ്‌പിടിപി) യാണ് രാജ്യത്ത് നിലവിലുള്ളത്. നിരവധി സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുമ്പോള്‍ ഈ രീതി ഭൂരിപക്ഷത്തിന്റെ അഭിപ്രായ പ്രകടനമാകുന്നില്ലെന്നത് പ്രധാന പോരായ്മയാണ്.
ഉദാഹരണത്തിന് നാലുപേര്‍ മത്സരിക്കുകയും 10,000 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പില്‍ യഥാക്രമം 3000, 2500, 2500, 2000 വോട്ടുകള്‍ വീതം നേടുന്നവരില്‍ നിന്ന് 3000 വോട്ടു നേടുന്ന വ്യക്തിയാണ് തെരഞ്ഞെടുക്കപ്പെടുക. അതിനര്‍ത്ഥം 30 ശതമാനം പേര്‍ മാത്രം അംഗീകരിച്ചയാള്‍ വിജയിക്കുന്നു എന്നും 70 ശതമാനം പേരുടെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല എന്നുമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഉദാഹരണമായി എടുത്താലും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. ആകെ സമ്മതിദായകര്‍ 91,19,50,734 ആയിരുന്നു. അതില്‍ 61,46,84,398 പേരാണ് വോട്ട് ചെയ്തത്. ശതമാനത്തില്‍ 67.40. അതില്‍ 22,90,76,879 (37.30 ശതമാനം) വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 33 ശതമാനത്തോളം പേര്‍ വോട്ടു ചെയ്തില്ലെന്ന കണക്കുകൂടി കൂട്ടിയാല്‍ ആകെ (വോട്ടു ചെയ്തവരും ചെയ്യാത്തവരുമായ) സമ്മതിദായകരിലെ 25.11 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ ജയിച്ച സീറ്റുകളുടെ എണ്ണം (303) വച്ച് കണക്കാക്കിയാല്‍ വിഹിതം 55.80 ശതമാനവും. ആകെ വോട്ടര്‍മാരിലെ 25 ശതമാനത്തിന്റെയും വോട്ട് ചെയ്തവരിലെ 37.30 ശതമാനത്തിന്റെയും പിന്തുണ ലഭിച്ച ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നു (നേരത്തെ ഇത് മറ്റ് പാര്‍ട്ടിക്കായിരുന്നു) എന്നതുതന്നെ എഫ്‌പിടിപി യുക്തിഭദ്രമായ പ്രക്രിയ അല്ലെന്ന് വ്യക്തമാക്കുന്നു. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ ബഹുപാര്‍ട്ടി സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വോട്ട് വിഹിതം കുറഞ്ഞാലും കൂടുതല്‍ വോട്ടുനേടുന്നവരാണ് ജയിക്കുക. ഈ രീതി യഥാര്‍ത്ഥ ജനാഭിപ്രായത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്ന അഭിപ്രായം ശക്തിപ്പെട്ടത് തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി.
ഇതുകൂടി വായിക്കൂ:ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം
കൂടാതെ പാര്‍ട്ടികളുടെ നിലപാട് മാറ്റങ്ങളും സ്ഥാനാര്‍ത്ഥികളുടെ കൂറുമാറ്റങ്ങളും ഭരണത്തിന്റെ സ്ഥിരതയെ ബാധിക്കുന്നതും പരിഷ്കരണ ചര്‍ച്ചകളെ സജീവമാക്കി. തെരഞ്ഞെടുപ്പ് ചെലവിലുണ്ടായ വര്‍ധനയും കൂടുതല്‍ പണമുള്ളവര്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ ഉണ്ടാകുന്ന മേല്‍ക്കൈയും സമ്പന്നരുടെ കാര്യമായി തെരഞ്ഞെടുപ്പ് മാറിയെന്ന പ്രതീതിയും ബൂത്ത് പിടിച്ചെടുക്കൽ അല്ലെങ്കിൽ വോട്ടെടുപ്പിൽ കൃത്രിമവും അക്രമവും കാട്ടല്‍, ജനങ്ങളുടെ നിസംഗത എന്നിവയും പരിഷ്കരണ ചിന്തകളെ ശക്തിപ്പെടുത്തി. അങ്ങനെ 1970ലാണ് തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി നിയമത്തിൽ ഭേദഗതികളും ശുപാര്‍ശകളും നിർദേശിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുന്നത്. 1970 ഡിസംബറിൽ ലോക്‌സഭ പിരിച്ചുവിട്ടതോടെ ഈ സമിതിയുടെ ആയുസും അവസാനിച്ചു. 1971ൽ പുതിയ ലോക്‌സഭയുടെ രൂപീകരണത്തിനുശേഷം ജഗന്നാഥ റാവുവിന്റെ നേതൃത്വത്തിൽ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, നിരവധി കമ്മിറ്റികളുമുണ്ടായി. തർകുണ്ഡെ സമിതി (1974), ദിനേശ് ഗോസ്വാമി സമിതി (1990), കൃഷ്ണയ്യർ സമിതി (1994), ഇന്ദ്രജിത് ഗുപ്ത സമിതി (1998) എന്നിവ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ചു.
എല്ലാ സമിതികളും നിരവധി പരിഷ്കരണങ്ങള്‍ നിര്‍ദേശിച്ചുവെങ്കിലും അവയെല്ലാം നിലവിലെ തെരഞ്ഞെടുപ്പ് രീതിയെ അതേ അടിത്തറയില്‍ നിലനിര്‍ത്തിയുള്ളവയായിരുന്നു. എന്നാല്‍ ഈ സമിതികളില്‍ പ്രായോഗികവും യുക്തിഭദ്രവും സമഗ്രവുമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇന്ദ്രജിത് ഗുപ്ത സമിതിയായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടിങ് എന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നത്. ഇവ കൂടാതെ, തെരഞ്ഞെടുപ്പ് കമ്മിഷനും കാലാകാലങ്ങളിൽ പരിഷ്കാരങ്ങൾക്കുള്ള നിർദേശങ്ങൾ നൽകി. 1970 മുതൽ, 1977, 1982, 1990, 1992, 2004 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാര്‍ശകള്‍ സമർപ്പിച്ചു. സർവകക്ഷി യോഗങ്ങളില്‍ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പരിഷ്കാര നിർദേശങ്ങള്‍ മുന്നോട്ടുവച്ചു. പരിഷ്കാരങ്ങളുടെ ദിശയിൽ ആവശ്യമായ നടപടികൾ കണ്ടെത്തുന്നതിനും മാറ്റം വരുത്തുന്നതിനുമായി 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സമഗ്ര പഠനത്തിനുവേണ്ടി 1977 നവംബറിൽ നിയമ കമ്മിഷനും രൂപീകരിച്ചു. നിയമ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ:നുണക്കോട്ടകളുടെ ആഘോഷം
വിവിധ ഘട്ടങ്ങളില്‍ സുപ്രീം കോടതിയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുക, സ്ഥാനാർത്ഥികൾ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചാലുള്ള അനന്തരനടപടികള്‍ എന്നിവയായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചവയില്‍ പ്രധാനപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ രണ്ട് വിഷയങ്ങളും പ്രത്യേകമായി പരിഗണിക്കുകയും തുടർച്ചയായ ചർച്ചകൾക്ക് ശേഷം, 2014 ഫെബ്രുവരി 24ന് തെരഞ്ഞെടുപ്പ് അയോഗ്യത എന്ന പേരിൽ അതിന്റെ 244-ാമത് റിപ്പോർട്ടും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ എന്നപേരില്‍ നിയമ കമ്മിഷന്‍ 255-ാം നമ്പർ റിപ്പോർട്ടും സമർപ്പിച്ചു. നിയമ കമ്മിഷൻ, സ്ഥാനാർത്ഥിയുടെ ചെലവ് പരിധികൾ പോലുള്ള വിഷയങ്ങളിൽ വിപുലമായ പരിഷ്കാരങ്ങൾ നിർദേശിച്ചു. സ്ഥാനാർത്ഥികള്‍ വ്യക്തിപരമായും രാഷ്ട്രീയ പാർട്ടികളുടെയും വരവ്-ചെലവ് കണക്കുകളുടെ സമര്‍പ്പണവും പരിശോധനയും നിര്‍ബന്ധമാക്കുക, കുറ്റകൃത്യങ്ങളും ആസ്തി ബാധ്യതകളും വെളിപ്പെടുത്തുക, ഇവയുടെ ലംഘനത്തിന് സ്വീകരിക്കാവുന്ന നടപടികള്‍, അയോഗ്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്നിവയാണ് വിവിധ സമിതികളുടെയും തെരഞ്ഞെടുപ്പ്-നിയമ കമ്മിഷനുകളുടെയും നിര്‍ദേശങ്ങളില്‍ പ്രമുഖം. അതോടൊപ്പം തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ഫണ്ടിങ്ങിന്റെ പ്രശ്നം നിയമ കമ്മിഷന്‍ പരിശോധിച്ചുവെങ്കിലും അത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പുകൾക്കായി പൂർണമായ സംസ്ഥാന ഫണ്ടിങ് അല്ലെങ്കിൽ ധനസഹായം പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നായിരുന്നു കമ്മിഷൻ നിലപാട്. (അവസാനിക്കുന്നില്ല)