16 April 2024, Tuesday

നുണക്കോട്ടകളുടെ ആഘോഷം

Janayugom Webdesk
February 26, 2024 5:00 am

ഒരു നുണയെ പെരുപ്പിച്ചും ലളിതമായും പറഞ്ഞുകൊണ്ടേയിരിക്കുക, ഒടുവില്‍ അവരത് വിശ്വസിക്കും എന്ന ഗീബല്‍സിയന്‍ വചനം കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ നുണകളുടെ പരമ്പരകള്‍ കൊണ്ട് ആഘോഷം നടത്തുന്നവരെ കണ്ടാല്‍ സാക്ഷാല്‍ ഗീബല്‍സ് പോലും അടിയറവ് പറയാന്‍ സാധ്യതയുള്ള കാലമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാറും രാജ്യത്തിനകത്തും പുറത്തും നടത്തുന്ന പ്രചരണങ്ങളിലെവിടെയെങ്കിലും സത്യത്തിന്റെ കണികയുണ്ടോ എന്ന് കണ്ടെത്താന്‍ വലിയ പരീക്ഷണനിരീക്ഷണങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ 10 വര്‍ഷമായി തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ നല്‍കിവരുന്ന വാഗ്ദാനങ്ങളുടെ പൊള്ളത്തരത്തിന് ഇനിയൊരു വിശദീകരണം അനുചിതമാണ്. എന്നാല്‍ ഇത്തവണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ‘നുണകളുടെ ഗ്യാരന്റി’ ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം അതുണ്ടാകുന്നത് കേവലം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നല്ല, ഉത്തരവാദപ്പെട്ട ജനാധിപത്യ സര്‍ക്കാരില്‍ നിന്നാണ്. മലയാളം ഉള്‍പ്പെടെ കോര്‍പറേറ്റ് മാധ്യമങ്ങളില്‍ ഇന്നലെ സര്‍ക്കാരിന്റെ ഒരു പരസ്യമുണ്ടായിരുന്നു. രാജ്യത്ത് അഞ്ച് എയിംസുകള്‍(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) പ്രധാനമന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നതിന്റെ വിളംബരമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് അഞ്ച് എയിംസുകള്‍ ഒരുമിച്ച് തുറക്കുന്നതെന്ന് ഉദ്ഘാേഷിച്ച പരസ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 11,700 കോടിയുടെ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തുമെന്ന് പറയുന്നു.

സ്വന്തം രാജ്യത്തെ ജനതയെ നോക്കി, മറ്റേതെങ്കിലും നാട്ടിലെ ഭരണാധികാരി യാതൊരുളുപ്പുമില്ലാതെ ഇങ്ങനെ കള്ളം പറയുമെന്ന് തോന്നുന്നില്ല. മംഗലഗിരി, രാജ്കോട്ട്, ഭട്ടിൻഡ, റായ്ബറേലി, കല്യാണി എന്നിവിടങ്ങളിലെ എയിംസുകളടെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. എന്നാൽ ഈ സ്ഥാപനങ്ങളൊന്നും പുതിയതായി പ്രവർത്തനം ആരംഭിക്കുന്നതല്ല എന്നതാണ് വസ്തുത. ഭാഗികമായോ പൂര്‍ണമായോ നേരത്തെ പ്രവർത്തനം തുടങ്ങിയവയാണ്. ആന്ധ്രാപ്രദേശിലെ മംഗലഗിരി എയിംസ് 2018 മുതൽ പ്രവർത്തിക്കുന്നതാണ്. വിജയവാഡയില്‍ താൽക്കാലിക കാമ്പസിലായിരുന്ന പ്രവര്‍ത്തനം 2019ൽ സ്ഥിരം കാമ്പസിലേക്ക് മാറ്റി. 50 വിദ്യാർത്ഥികൾ വീതമുള്ള രണ്ട് എംബിബിഎസ് ബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബംഗാളിലെ കല്യാണി എയിംസില്‍ ആദ്യ അക്കാദമിക് സെഷൻ ആരംഭിക്കുന്നത് 2019 സെപ്റ്റംബർ നാലിനാണ്. 2015 ഒക്ടോബർ ഏഴിനാണ് കേന്ദ്ര മന്ത്രിസഭ ഈ സ്ഥാപനത്തിന് ഔദ്യോഗികാംഗീകാരം നൽകിയത്. രാജ്കോട്ട് എയിംസിൽ 2020 മുതൽ അധ്യയനം നടക്കുന്നുണ്ട്. റായ്ബറേലി എയിംസിലാകട്ടെ ആദ്യ ഒപി വിഭാഗം ആരംഭിക്കുന്നത് 2018ലാണ്. 2019ൽ ആദ്യ അധ്യയന വർഷവും ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: അഴിമതിയോടുള്ള ബിജെപിയുടെ ഇരട്ടത്താപ്പ്


ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള എയിംസ് 2009 ഫെബ്രുവരിയിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ രണ്ടാംഘട്ടമായി അംഗീകരിച്ചതാണ്. 2013 മുതല്‍ ഇത് സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. ഭട്ടിൻഡയില്‍ 2016 നവംബറിലാണ് കല്ലിട്ടത്. 2019ൽ പ്രവർത്തനക്ഷമമായെന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെട്ട ആറ് എയിംസുകളിലൊന്നാണിത്. പൊതുതെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ ഉദ്ഘാടന‑പ്രഖ്യാപന മാമാങ്കങ്ങളില്‍ മുഴുകിയ മോഡി ഭരണകൂടത്തിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്. കഴിഞ്ഞ 20ന് ജമ്മു കശ്മീരില്‍ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം ടി50 (12.77കിലോമീറ്റർ) മോഡി ഉദ്ഘാടനം ചെയ്തു. ഖാരിക്കും സംബറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന്റെ നിർമ്മാണം യുപിഎ സർക്കാരിന്റെ കാലത്ത് 2010ല്‍ ആരംഭിച്ചതാണ്. അതിന്റെ ഒരുദിവസം മുമ്പാണ് യുപിയില്‍ 10 ലക്ഷം കോടിയിലധികം മൂല്യമുള്ള 14,000 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് പരമാവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്താൻ റെയിൽവേക്കുമേൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തുകയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്.

പണിപൂർത്തിയായിട്ടില്ലാത്തവ ഉൾപ്പെടെ ഉദ്ഘാടനവും, പ്രവൃത്തി തുടങ്ങിക്കഴിഞ്ഞതുൾപ്പെടെയുള്ളവയുടെ ശിലാസ്ഥാപനവും ഒരുമിച്ചുനടത്താനാണ് ഒരുങ്ങുന്നത്. രാജ്യത്തെ വിവിധയിടങ്ങളിലായി ഇന്നാണ് ഉദ്ഘാടനപരിപാടി നടക്കുക. സെല്‍ഫി പോയിന്റ് ഉള്‍പ്പെടെ, റെയിൽവേയെ ഭരണകക്ഷി മുഖ്യ പ്രചാരണായുധമാക്കുന്നുവെന്ന് ജീവനക്കാര്‍ക്കു പോലും പരാതിയുണ്ട്. ‘നല്ല പ്രചരണമെന്നാല്‍ വിജയത്തിലേക്ക് നയിക്കുന്നത് എന്നാണര്‍ത്ഥം. പ്രതീക്ഷിച്ച ഫലം നല്‍കുന്നതിൽ പരാജയപ്പെടുന്ന ഏതു പ്രചരണവും മോശമാണ്. ബുദ്ധിയുള്ളതാവുക എന്നതല്ല, വിജയത്തിലേക്ക് നയിക്കുക എന്നതാണ് പ്രചരണത്തിന്റെ ചുമതല’ എന്നു പറഞ്ഞതും ജോസഫ് ഗീബല്‍സാണ്. അതിന്റെ പിന്മുറക്കാരാണ് ഏതുകാലത്തും ഏതുരാജ്യത്തെയും സ്വേച്ഛാധികാരികള്‍. കരുതിയിരിക്കേണ്ടത് നുണപ്രചാരണം കേള്‍ക്കുന്നവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.