ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള പൗരന്മാർ രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. ലഭ്യമായ ഗതാഗത മാർഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം. ഇന്ത്യൻ പൗരന്മാര്‍ ടെഹ്റാനിലെ ഇന്ത്യൻ എംബസി വഴി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് സാഹചര്യം വഷളായത്. ഇറാൻ ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം പല കഠിനമായ സാഹചര്യങ്ങളും നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
ഇതിന് പിന്നാലെ യുഎസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ 13 യുദ്ധക്കപ്പലുകളെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഒമ്പത് ഡിസ്ട്രോയറുകളും മൂന്ന് ഫ്രിഗേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഏത് നിമിഷവും ഒരു ആക്രമണമുണ്ടായാൽ പ്രത്യാക്രമണം നടത്താൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്.

