Site iconSite icon Janayugom Online

ട്വിറ്റര്‍ തലപ്പത്തും ഇന്ത്യന്‍ വംശജന്‍ ; പരാഗ് അഗ്രവാള്‍ സിഇഒ

ടെക് ഭീമനായ ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിയമിതനായി ഇന്ത്യന്‍ വംശജന്‍. നിലവിലെ സിഇഒ ആയിരുന്ന ജാക്ക് ഡോര്‍സി തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജനായ ടെക്നോളജി എക്സിക്യൂട്ടീവ് പരാഗ് അഗ്രവാളിനെ സിഇഒ ആയി നിയമിച്ചത്. നിലവില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നിക്കല്‍ ഓഫീസറായിരുന്നു പരാഗ്.

മുംബെെ സ്വദേശിയായ പരാഗ് ഐഐടി ബോംബെെയില്‍ നിന്നാണ് ബിരുദം നേടിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിന്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2011 ലാണ് ആഡ്സ് എന്‍ജിനീയറായി ട്വിറ്ററില്‍ ചേരുന്നത്. 2017 ല്‍ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായി. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, മൈക്രോസോഫ്റ്റ്, യാഹൂ, എടി ആന്റ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ അഗ്രവാൾ ജോലി ചെയ്തിരുന്നു. ട്വിറ്ററിന്റെ പുതിയ മേധാവിയായി നിയമിതനായതോടെ സുന്ദർ പിച്ചൈ, സത്യ നാദെല്ല എന്നിവരോടൊപ്പം സിലിക്കൺ വാലിയിലെ പ്രമുഖ ഇന്ത്യൻ സിഇഒമാരുടെ പട്ടികയിലേക്ക് പരാഗും ഇടംപിടിച്ചു.

ട്വിറ്റര്‍ അതിന്റെ സഹസ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമായെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സഹസ്ഥാപകന്‍ കൂടിയായിരുന്ന ജാക്ക് ‍ഡോര്‍സി സ്ഥാനമൊഴിഞ്ഞത്. ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപകരിലൊരാളായ എലിയട്ട് മാനേജ്മെന്റ് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. കമ്പനി ബോർഡ് ഡയറക്ടർ സ്ഥാനത്ത് 2022ൽ കാലാവധി അവസാനിക്കുന്നത് വരെ ഡോര്‍സി തുടരുമെന്നാണ് വിവരം.

eng­lish sum­ma­ry; Indi­an is also the head of Twit­ter; Parag Agraw­al is the CEO
you may also like this video;

Exit mobile version