Site icon Janayugom Online

ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റുമരിച്ചു

യുഎസിലെ പെട്രോൾ പമ്പിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. യുഎസിൽ ബിരുദാനന്തര ബിരുദം നേടുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള 24 കാരനായ സയേഷ് വീരയാണ് ജോലി ചെയ്യുന്ന ഇന്ധന സ്റ്റേഷനിൽ വെടിയേറ്റ് മരിച്ചത്. യുഎസ് സംസ്ഥാനമായ ഒഹിയോയിലെ പൊലീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച സംസ്ഥാനത്തെ കൊളംബസ് ഡിവിഷനിലാണ് സംഭവം. കൊളംബസ് പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ് ഉദ്യോഗസ്ഥരും പുലർച്ചെ 12:50ഓടെ  വെടിയേറ്റ വീരയെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചിരുന്നു. പുലർച്ചെ 1.27 ന് മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ബിരുദം നേടിയ വീരയ്ക്ക് എച്ച് 1 ബി വിസ ലഭിക്കാന്‍ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് സംഭവമെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും ഓണ്‍ലൈനായി കാര്യങ്ങള്‍ ചെയ്തുവരുന്ന ഇന്ത്യന്‍ വംശജന്‍ രോഹിത് യലമഞ്ചിലി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ധന സ്‌റ്റേഷനിലെ ക്ലാർക്ക് ജോലി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. 

രണ്ട് വർഷം മുമ്പാണ് വീരയുടെ അച്ഛൻ മരിച്ചത്. കുടുംബത്തിന്റെ ആശ്രയം ഏറ്റെടുത്താണ് വീര അമേരിക്കയിൽ എത്തിയത്. എല്ലാ സാഹചര്യങ്ങളിലും ആളുകളെ സഹായിക്കാൻ സന്നദ്ധനായിരുന്നു വീരയെന്ന് സഹപാഠിയായ യലമഞ്ചിലി അനുസ്മരിച്ചു. മികച്ച ക്രിക്കറ്റ് താരമായിരുന്നു. കൊളംബസില്‍ ക്രിക്കറ്റ് കളിക്കുന്ന ഓരോ വ്യക്തിക്കും വീരയെ അടുത്തറിയാം.

എച്ച് 1 ബി വിസ

വിദഗ്ധ ജോലികളിൽ വിദേശീയരായ തൊഴിലാളികളെ നിയമിക്കാൻ യുഎസ് തൊഴിലുടമകളെ അനുവദിക്കുന്ന ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 101(എ)(15)(എച്ച്) പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വിസയാണ് H‑1B.

 

Eng­lish Sam­mury: Indi­an-ori­gin stu­dent shot dead at fuel sta­tion in US, The inci­dent took place in the Colum­bus divi­sion of the state on Thursday

 

 

Exit mobile version