മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിൽ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ നിർദേശം. രണ്ട് ആഴ്ചയ്ക്കുള്ളിൽ പട്ടിക കൈമാറാനാണ് സുപ്രീം കോടതി നിർദേശം.
ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്‌സി ബീവെറിനെ (IHC Beaver) ലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപെടുത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം കേരളം തേടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിന്റെ ഈ ആവശ്യം നെതർലാൻഡ്‌സിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹേഗിലെ ഇന്ത്യൻ എംബസി നെതർലാൻഡ് സർക്കാരിനോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടിയിരുന്നു.
ഇതിനിടയിലാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി നെതർലാൻഡ്‌സിലേക്ക് പോകേണ്ട രണ്ട് ഉദ്യോഗസ്ഥരുടെ പേര് കൈമാറാൻ കേരള പോലീസിനോട് സിബിഐ ആവശ്യപ്പെട്ടത്. നെതർലാൻഡ്‌സിലേക്ക് പോകേണ്ടതിന്റെ ആവശ്യം ഉൾപ്പെടെ വിശദീകരിക്കാൻ കേരള പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് രണ്ട് ആഴ്ചയ്ക്കുളിൽ ഈ വിവരങ്ങൾ കൈമാറാൻ കേരള സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

