Site icon Janayugom Online

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തിളക്കവുമായി ഇന്ത്യന്‍ താരങ്ങള്‍

asian games

ഹാങ്ഷു: ഏഷ്യന്‍ ഗെയിംസിന്റെ ആദ്യദിനം മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍വേട്ട. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രമിത ജിന്‍ഡാല്‍, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി ഇന്നലെ വെള്ളി നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ രമിത വെങ്കലം കരസ്ഥമാക്കി.
റോവിങില്‍ ഇന്ത്യ മൂന്ന് മെഡലുകള്‍ നേടി. പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്കള്‍സില്‍ അര്‍ജുൻ ലാല്‍ ജാട്ട്, അരവിന്ദ് സിങ് സഖ്യം വെള്ളി മെഡല്‍ നേടി. മെൻസ് പെയറില്‍ ബാബു ലാല്‍ യാദവ്, ലേഖ് റാം സഖ്യം വെങ്കല മെഡല്‍ നേടി. പുരുഷ വിഭാഗം തുഴച്ചില്‍ ടീം (എട്ട് പേര്‍) ഇനത്തിലാണ് മൂന്നാം വെള്ളി നേട്ടം. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. 

വനിതാ ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ഉസ്ബെക്കിസ്ഥാനെ 16–0 എന്ന സ്കോറിന് തകര്‍ത്തു. അതേസമയം വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. പുരുഷ വിഭാഗം വോളിബോളിലും പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് തോറ്റ് പുറത്തായി. 

വനിതാ ബോക്സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരിൻ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. തായ്‌ലൻഡിന്റെ എൻഗുയെൻ തി ടാമിനെ 5–0ത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നിഖാത് അടുത്ത റൗണ്ടിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ചൊരോങ് ബാക്കാണ് നിഖാത്തിന്റെ എതിരാളി. ഫുട്‌ബോളില്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ അവസാന 16 ല്‍ ഇടം നേടി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മ്യാന്മറിനെതിരെ 1–1 എന്ന നിലയില്‍ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഇന്ത്യക്കായി 23-ാം മിനിറ്റില്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74-ാം മിനിറ്റില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി.

Eng­lish Sum­ma­ry: Indi­an play­ers shine with medals in Asian Games

You may also like this video

Exit mobile version