Site icon Janayugom Online

ഡല്‍ഹിയിലെ രണ്ട് മസ്ജിദുകള്‍ക്ക് റെയില്‍വേ നോട്ടീസ്

കൈയേറ്റം ആരോപിച്ച്‌ ഡല്‍ഹിയില്‍ രണ്ട് മസ്ജിദുകള്‍ക്ക് റെയില്‍വേയുടെ നോട്ടീസ്. 15 ദിവസത്തിനകം കൈയേറ്റങ്ങള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഭൂമി തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഡല്‍ഹിയിലെ പ്രമുഖ മുസ്‌ലിം പള്ളികളായ ബംഗാളി മാര്‍ക്കറ്റ് മസ്ജിദിനും ബാബര്‍ ഷാ തകിയ മസ്ജിദിനുമാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ നോട്ടീസ് ലഭിച്ചത്. പള്ളികള്‍ നില്‍ക്കുന്ന ഭൂമി അനധികൃതമായി കൈയേറിയതാണെന്ന് റെയില്‍വേയുടെ വാദം.

അനധികൃത കെട്ടിടങ്ങള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ കൈയേറ്റങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ റെയില്‍വേ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

സ്വമേധയാ പൊളിച്ചുമാറ്റിയില്ലെങ്കില്‍ റെയില്‍വേ പൊളിച്ചുമാറ്റുമ്പോഴുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ആരാധനാലയം അധികൃര്‍ ഉത്തരവാദികളായിരിക്കുമെന്നും റെയില്‍വേ ഭരണകൂടത്തിന് ബാധ്യതകളുണ്ടാവില്ലെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 400 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിതെന്ന് ബാബര്‍ ഷാ തകിയ മസ്ജിദ് സെക്രട്ടറി അബ്ദുല്‍ ഗഫാര്‍ അവകാശപ്പെട്ടു. ഈ ആരാധനാലയങ്ങള്‍ക്ക് ചരിത്രപരമായ മൂല്യമുണ്ടെന്നും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) തൊട്ടടുത്തുള്ള മലേറിയ ഓഫിസിനും റെയില്‍വേ അധികൃതര്‍ സ്ഥലം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Indi­an Rail­ways issues notices to remove cen­turies-old mosques
You may also like this video

Exit mobile version