Site iconSite icon Janayugom Online

പാക് വ്യോമതാവളങ്ങളിലെ ഇന്ത്യൻ പ്രഹരം; സൈനിക നീക്കം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായെന്ന് വിദേശകാര്യ മന്ത്രാലയം

പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തെ തുടർന്ന് സൈനിക നീക്കം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് ഇന്ന് വാർത്താസമ്മേളനത്തിൽ ഈ വിവരം വെളിപ്പെടുത്തിയത്. മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഫോൺകോൾ വന്നത്. ആദ്യ ഘട്ടത്തിൽ ഹോട്ട്ലൈനിൽ ആശയവിനിമയം നടത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന്, ഇന്ത്യൻ ഡിജിഎംഒയുടെ സൗകര്യാർത്ഥം വൈകിട്ട് 3.35നാണ് പാക്കിസ്ഥാൻ ഡിജിഎംഒയുമായി സംസാരിച്ചത്. “മേയ് 10ന് പുലർച്ചെ പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വെടിനിർത്തലിന് താൽപര്യം അറിയിച്ച് പാക്കിസ്ഥാൻ മുന്നോട്ട് വന്നത്. ഇന്ത്യയുടെ സൈനിക ശേഷിയാണ് പാക്കിസ്ഥാനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്,” രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ സേന പ്രകോപനം സൃഷ്ടിക്കുകയാണെങ്കിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. അവർ സൈനിക നീക്കം അവസാനിപ്പിച്ചാൽ ഇന്ത്യയും അതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ സുസ്ഥിരമായ നിലപാട്. ഈ വിഷയത്തിൽ യാതൊരു മാറ്റവുമില്ല. കശ്മീർ സംബന്ധിച്ച് പാക്കിസ്ഥാനുമായുള്ള ഒരേയൊരു പ്രശ്നം, അവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശങ്ങൾ തിരികെ നൽകുക എന്നതാണ്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിലൂടെ സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചിരിക്കുകയാണ്. ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ നിർബന്ധിതരാകുമെന്നും വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നൽകി. “പാക്ക് സൈന്യം വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കും. പാക്കിസ്ഥാൻ സൈനിക നീക്കം അവസാനിപ്പിച്ചാൽ ഇന്ത്യയും അത് ചെയ്യും. ഇക്കാര്യം ലോകരാഷ്ട്രങ്ങളെയും പാക്കിസ്ഥാനെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ആണവായുധ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ല. ആണവായുധ ഭീഷണിക്ക് വഴങ്ങുകയോ അതിർത്തി കടന്നുള്ള ഭീകരവാദം അനുവദിക്കുകയോ ചെയ്യില്ലെന്ന കാര്യത്തിൽ ഇന്ത്യക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version