Site iconSite icon Janayugom Online

യുഎസ് വിസ റദ്ദാക്കിയതില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎസ് ഭരണകൂടം റദ്ദാക്കിയ 4,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥി വിസകളില്‍ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ നടത്തിയ സർവേയിലാണ് കണ്ടെത്തല്‍. വിസ റദ്ദാക്കിയ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരും 14 ശതമാനം ചെെനയില്‍ നിന്നുള്ളവരുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും വിസ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാല്‍ നടപടി ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് അധികൃതര്‍ തള്ളി. തുടർച്ചയായ പരിശോധനയും വിസ റദ്ദാക്കൽ നടപടികളും ലോകത്തിലെ ഏതെങ്കിലും പ്രത്യേക രാജ്യത്തു നിന്നോ പ്രദേശത്തു നിന്നോ ഉള്ള വിസ ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എല്ലാ വിസ അപേക്ഷകരുടെയും പരിശോധന അവരുടെ പൗരത്വം പരിഗണിക്കാതെ കര്‍ശനമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്ന വെെസ് പ്രസി‍ഡന്റ് ജെ ഡി വാന്‍സിനോട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കലുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുമോ എന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 

വിദേശനയ താല്പര്യങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ വീക്ഷണങ്ങൾ ഉള്ളതായി വിശ്വസിക്കപ്പെടുന്ന വിദ്യാർത്ഥികളെ അവരുടെ സമൂഹമാധ്യമ ഉള്ളടക്കങ്ങളെ അടിസ്ഥാനമാക്കി തിരിച്ചറിയുന്നതിനായി നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള പദ്ധതി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ആന്റ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം പദവി റദ്ദാക്കലില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയത്. പൊലീസ് ഡാറ്റാബേസുകളിൽ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നടപടി സ്വീകരിക്കുകയും വിസ റദ്ദാക്കുകയും ചെയ്തിരുന്നു. വിസ റദ്ദാക്കപ്പെട്ടവരിൽ പലരും ചെറിയ ഗതാഗത, കാമ്പസ് നിയമലംഘനങ്ങൾക്കാണ് കേ­സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നാടുകടത്തല്‍ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ അപ്പീല്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Exit mobile version