ഇന്ത്യയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടി ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. യാഥാർഥ്യത്തെ മറച്ചുവയ്ക്കാനാകില്ലെന്നും ഇത്തരത്തിൽ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും അതിർത്തിയെ കുറിച്ചുള്ള സംഭാഷണം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചരിത്രപരമായ വസ്തുതകളുടേയോ തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ് നേപ്പാളിന്റെ അവകാശവാദങ്ങൾ. ഇന്ത്യയുടെ കീഴിലുള്ള തർക്കപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നേപ്പാൾ രാഷ്ട്ര ബാങ്ക് (എൻആർബി) നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടമാണ് നേപ്പാളിന്റെ 100 രൂപ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയ ഗവർണർ മഹാ പ്രസാദ് അധികാരിയുടെ ഒപ്പാണ് നോട്ടിലുള്ളത്.
നേപ്പാളിന്റെ 100 രൂപ നോട്ടില്‍ ഇന്ത്യൻ പ്രദേശങ്ങളും; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

