Site icon Janayugom Online

രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ സമരൈക്യം

കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച സംസ്ഥാനത്തിന്റെ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമായി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ രാജ്യതലസ്ഥാനം കേരളത്തിന്റെ പ്രതിഷേധച്ചൂടില്‍ തിളച്ചു. അഭിവാദ്യമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെ പ്രമുഖരെത്തിയപ്പോള്‍ ജന്തര്‍ മന്ദറിലെ സമരത്തെരുവ് ഇന്ത്യന്‍ സമരൈക്യത്തിന്റെ വേദി കൂടിയായി. രാവിലെ പതിനൊന്നു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളാ ഹൗസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ മന്ത്രിമാരും ജനപ്രതിനിധികളും അണിചേര്‍ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ(എം) രാജ്യസഭാംഗം എളമരം കരീം സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നന്ദി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌മന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നിയമവിദഗ്ധന്‍ കപില്‍ സിബല്‍ എംപി തുടങ്ങി നിരവധി നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി സമരവേദിയിലെത്തി.
കേരളത്തിന്റെ സമരത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വീഡിയോ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് സമരത്തിന് തിരശീല വീണത്. സമരത്തിന് പിന്തുണ അര്‍പ്പിച്ച് മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ മുഖ്യമന്ത്രി പിണറായി വിജയനയച്ച സന്ദേശവും സമരവേദിയില്‍ വായിച്ചു. കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ഡല്‍ഹി പൊലീസിന്റെ വന്‍വിന്യാസമുണ്ടായിരുന്നു.

സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ അനുവദിക്കില്ല: ഡി രാജ

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഞങ്ങള്‍ നിശബ്ദരായി ഇരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഡി എല്ലാകാലവും അധികാരത്തില്‍ ഉണ്ടാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കും. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന് ബിജെപിയാണ് വിഭജിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയിരത്തിലധികം ജനകീയ സദസുകൾ

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനവ്യാപകമായി ജനകീയ കൂട്ടായ്മകള്‍. ഇന്നലെ വൈകിട്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന കേന്ദ്രങ്ങളിലുമായി എൽഡിഎഫ് നേതൃത്വത്തില്‍ ആയിരത്തിലധികം ജനകീയ സദസുകൾ നടന്നു. കേരളത്തിനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരള ജനതയുടെ ശക്തമായ പ്രതിഷേധമായി സദസുകള്‍ മാറി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു കൊല്ലം കുന്നിക്കോടും മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലും കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി കൊയിലാണ്ടിയിലും ഉദ്ഘാടനം ചെയ്തു.

മറ്റൊരു വഴിയുമില്ലാതെയാണ് സമരത്തിന് വന്നത്: മുഖ്യമന്ത്രി

ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമരരംഗത്തേക്ക് എത്താന്‍ നിര്‍ബന്ധിതരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു, നേരിട്ടു സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ ഉള്‍പ്പെടെ ധരിപ്പിച്ചു. പ്രധാനമന്ത്രിയെ രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ല. മറ്റൊരു വഴിയുമില്ലാതെയാണ് സമരരംഗത്തേക്കു വന്നതെന്ന് മുഖ്യമന്ത്രി മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
സാമൂഹിക‑സാമ്പത്തിക മേഖലകളിലെ നേട്ടങ്ങളുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെയും പേരില്‍ കേരളത്തെ ശിക്ഷിക്കുകയാണ്.

ഇതേ അനുഭവം എന്‍ഡിഎ ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം നേരിടുന്നു. ഇതിനെ അതിജീവിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ചുനിന്നേ മതിയാകൂ. ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കണം. അങ്ങനെ ഫെഡറലിസത്തെയും സഹകരണാത്മക ഫെഡറലിസത്തെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല ബജറ്റിലും കേരളത്തോടുള്ള വിവേചനവും അനീതിയും പ്രകടമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. എയിംസ്, കെ-റെയില്‍, ശബരിപാത, കോച്ച് ഫാക്ടറി, മെമു ഷെഡ് തുടങ്ങിയവ കേട്ടതായിപ്പോലും നടിച്ചിട്ടില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പുവരുത്താനായി കേന്ദ്ര ഫണ്ടില്ല. തീരദേശ സംരക്ഷണത്തിനായി പാക്കേജ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Indi­an uni­ty in the nation­al capital

You may also like this video

Exit mobile version