Site iconSite icon Janayugom Online

വിട്ടുകൊടുക്കാതെ ഇന്ത്യന്‍ വീര്യം; ഇന്ത്യക്ക് ആറ് റണ്‍സിന്റെ ആവേശ ജയം

അവസാന ദിനത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയം നേടിയെടുത്ത് ഇന്ത്യ. നാടകീയതയും പിരിമുറുക്കവും നിറഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് 367 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ പരമ്പര 2–2ന് സമനിലയിലാക്കാനും സാധിച്ചു. അവസാന ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനെത്തുമ്പോള്‍ 35 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയത്. ഇതോടെ ലക്ഷ്യം ലക്ഷ്യം 27 റണ്‍സായി. എന്നാല്‍ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്മിത്തിനെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി. 20 പന്തില്‍ രണ്ട് റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന. തൊട്ടടുത്ത പന്തില്‍ ഗുസ് അറ്റ്കിന്‍സണ്‍ സ്ലിപ്പില്‍ നല്‍കിയ അവസരം കെ എല്‍ രാഹുലിന് കൈയ്ക്കുള്ളിലാക്കാനായില്ല. അടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ നാല് റണ്‍സ് വഴങ്ങിയതോടെ ഇംഗ്ലണ്ടിന് ലക്ഷ്യത്തിലേക്ക് 20 റണ്‍സ് മാത്രം ദൂരം. 54ൽ ജാമി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ജോഷ് ടോങ്ങിനെ പ്രസിദ്ധ് കൃഷ്ണ ബൗൾ‍ഡാക്കിയതോടെ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടമായി. പരിക്കേറ്റ് പുറത്തിരിക്കുന്ന ക്രിസ് വോക്സ് ഇതോടെ പാഡും കെട്ടി ഒറ്റക്കയ്യിൽ ബാറ്റു ചെയ്യാനിറങ്ങി. വോക്സിനെ ഒരറ്റത്ത് നിര്‍ത്തി അറ്റ്കിന്‍സന്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇടയ്ക്കെത്തിയ വിജയപ്രതീക്ഷ മങ്ങുന്നതായി തോന്നിയ നിമിഷം അറ്റ്കിന്‍സനെ (17) ബൗള്‍ഡാക്കി സിറാജ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചു. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുമായി തിളങ്ങി. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും നേടി. 

നേരത്തെ ഹാരി ബ്രൂക്കിന്റെയും (111) ജോ റൂട്ടിന്റെയും (105) സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് അനായാസ ജയപ്രതീക്ഷ നല്‍കിയത്. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഞായറാഴ്ച ബാറ്റിങ്ങിനിറങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിനെയാണ് ഇന്നലെ ആദ്യം നഷ്ടമായത്. 54 റണ്‍സെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ രാഹുലിന്റെ കയ്യിലെത്തിച്ചു. അധികം വൈകാതെ ഒലി പോപ്പിനെ(27)യും നഷ്ടമായി. എന്നാല്‍ പിന്നീടൊരുമിച്ച ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യം 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 224ന് പുറത്തായിരുന്നു. മലയാളി താരം കരുണ്‍ നായരാണ് (57) ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ഗുസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 247ന് ഇന്ത്യ ഓള്‍ഔട്ടാക്കി. 64 റണ്‍സ് നേടിയ സാക്ക് ക്രൗളിയാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സെഞ്ചുറി നേടി. 118 റണ്‍സെടുത്താണ് താരം പുറത്തായത്. നൈറ്റ്‌ വാച്ച്മാനായിറങ്ങിയ ആകാശ് ദീപ് (66) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. രവീന്ദ്ര ജഡേജയും (53), വാഷിങ്ടണ്‍ സുന്ദറും (53) അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇതോടെ 396 റണ്‍സിന് പുറത്തായ ഇന്ത്യ 373 റണ്‍സിന്റെ ലീഡും വിജയ ലക്ഷ്യവുമുയര്‍ത്തി.

Exit mobile version