Site iconSite icon Janayugom Online

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ വനിതകള്‍; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

വനിതാ ലോകകപ്പിൽ കീരീടം ചൂടി ലോകത്തിന്റെ നെറുകയില്‍ എത്തി ഇന്ത്യന്‍ വനിതകള്‍. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. 

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 98 പന്തില്‍ 101 റൺസാണ് ലോറ നേടിയത്. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്.

Exit mobile version