Site iconSite icon Janayugom Online

അടിയന്തരമായി ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം

സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതിനെ തുടര്‍ന്ന് അടിയന്തരമായി ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം. ഉക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ കഴിയുന്നത്ര വേഗം രാജ്യം വിടണമെന്ന് ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. അടുത്തിടെ കൂട്ടിച്ചേര്‍ത്ത നാല് ഉക്രെയ്ന്‍ മേഖലയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയിച്ചതിന് പിന്നാലെയാണ് എംബസിയുടെ നിര്‍ദ്ദേശം.

ആയിരത്തിലധികം നഗരങ്ങള്‍ ഇരുട്ടില്‍

ഉക്രെയ്നിലെ പവര്‍സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് റഷ്യന്‍ മിസൈല്‍ ആക്രമണം ശക്തമാക്കിയതോടെ ആയിരത്തിലധികം നഗരങ്ങളും ഗ്രാമങ്ങളും ഇരുട്ടിലായി. പത്തു ദിവസമായി പവര്‍സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് റഷ്യയുടെ ആക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ 190 മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ നടത്തിയെന്ന് ഉക്രെയ്ന്‍ അടിയന്തര സേവന വിഭാഗം വക്താവ് അറിയിച്ചു. ഇപ്പോള്‍ വരെ 1162 സെറ്റില്‍മെന്റുകളിലാണ് വൈദ്യുതിയില്ലാത്തത്. 70 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 240 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെയുള്ള 380 കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മാസം ഏഴിന് ശേഷം സാധാരണക്കാരുടെ 140 വീടുകളും വ്യോമാക്രമണത്തില്‍ തകര്‍ത്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉക്രെയ്ന്റെ 30 ശതമാനം പവര്‍സ്റ്റേഷനുകളും റഷ്യ തകര്‍ത്തതായി പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു.

50 തൊഴിലാളികളെ പിടികൂടി

ദക്ഷിണ ഉക്രെയ്നിലെ സപ്പോരീഷ്യ ആണവനിലയത്തിലെ 50 ജീവനക്കാരെ റഷ്യന്‍ സേന പിടികൂടിയതായി ആണവ ഏജന്‍സി എനെര്‍ഗൊവറ്റം അറിയിച്ചു. പ്രത്യേക സൈനിക നടപടി തുടങ്ങിയതിന് ശേഷം 150 ല്‍ അധികം ജീവനക്കാരെ റഷ്യ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരേയും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ബാക്കിയുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
ആണവനിലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഇഗോള്‍ മുരഷോവിനെ തട്ടിക്കൊണ്ട് പോയിരുന്നെങ്കിലും ഈ മാസം ആദ്യം വിട്ടയച്ചിരുന്നു.

കൂട്ടിച്ചേർത്ത മേഖലകളില്‍ പട്ടാള നിയമം

മോസ്കോ: റഷ്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത ഉക്രെയ്‌നിലെ ഡൊണട്‍സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോരീഷ്യ മേഖലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് പുടിന്റെ പ്രഖ്യാപനം. മേഖലയില്‍ ഉക്രെയ്‍ന്‍ സെെന്യം മുന്നേറ്റം തുടരുന്നതിനിടെയാണ് പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള പുടിന്റെ നീക്കം. റഷ്യൻ നിയമമനുസരിച്ച്, സൈന്യത്തെ ശക്തിപ്പെടുത്താനും കർഫ്യൂ, സഞ്ചാര പരിധികൾ, സെൻസർഷിപ്പുകൾ, വിദേശ പൗരന്മാരുടെ ഇന്റേണിങ് എന്നിവയ്ക്കും സൈനിക നിയമം അനുവദിക്കുന്നുണ്ട്.
നാല് മേഖലകളില്‍ നിന്നും വ്യാപക ഒഴിപ്പിക്കല്‍ തുടരുകയാണ്. ഉക്രെയ്ന്റെ പ്രത്യാക്രമണ സാധ്യത ചൂണ്ടിക്കാണിച്ചാണ് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. ഇന്നലെ മാത്രം ഖേര്‍സണ്‍ മേഖലയില്‍ നിന്ന് 10,000 പേരെ ഒഴിപ്പിച്ചതായി റഷ്യന്‍ നിയമിത ഗവര്‍ണര്‍ വ്ലാദിമിര്‍ സാല്‍ഡോ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിപ്രോയുടെ തീരത്തേയ്ക്ക് മാറ്റുന്നതായി സാല്‍ഡോ പറഞ്ഞു. വരുന്ന ആറ് ദിവസത്തിനുള്ളില്‍ അരലക്ഷത്തോളം പേരെ മാറ്റാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Eng­lish Sum­ma­ry: Indi­ans advised to leave Ukraine immediately

You may like this video also

Exit mobile version