ഉക്രെയ്‌നിലെ ഇന്ത്യക്കാരുടെ രക്ഷാ ദൗത്യം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പല അവകാശവാദങ്ങളും പൊളിയുന്നു. തലസ്ഥാനമായ കീവിലെ മുഴുവന്‍ പേരും പുറത്തെത്തിയെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടെങ്കിലും ഇപ്പോഴും കീവില്‍തന്നെയാണെന്ന് വ്യക്തമാക്കി ആളുകള്‍ രംഗത്തെത്തി. കീവിലുള്ളവരെ പുറത്തെത്തിച്ചുവെന്ന് ചൊവ്വാഴ്ചയാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗല അറിയിച്ചത്. എന്നാല്‍ അവിടെ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഒരു ഡോക്ടറുടെ സന്ദേശം എന്‍ഡിടിവി പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും ഒരു സഹായവും തനിക്ക് ഇതുവരെ ലഭിച്ചില്ലെന്നും ഡോ. രാജ്കുമാര്‍ സത്‌ലാനി പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയെന്ന ട്വീറ്റ് വായിച്ചു, കള്ളമാണത് എന്നും രാജ്കുമാര്‍ പറഞ്ഞുവെന്നാണ് വാര്‍ത്തയിലുള്ളത്.
മുഴുവന്‍പേരെയും ഒഴിപ്പിച്ചുവെന്ന് ചൊവ്വാഴ്ച അവകാശപ്പെട്ടുവെങ്കില്‍ ഇന്നലെ വൈകിട്ടോടെ എല്ലാവരും പുറത്തുകടക്കണമെന്ന ഉപദേശമാണ് എംബസി നല്കിയത്. ഇത് പരസ്പരം പൊരുത്തപ്പെടാത്തതാണ്. അതുപോലെതന്നെ 60 ശതമാനം പേരെയും ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് ചൊവ്വാഴ്ച വൈകിട്ട് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടതാണ്. 16,000ത്തിലധികം ഇന്ത്യക്കാര്‍ അവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇരുപതിനായിരത്തോളം പേര്‍ ഉണ്ടെന്നാണ് അവിടെ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർത്ഥികളാണ്.
തിരികെയെത്തിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാലായിരത്തിനു താഴെയും. കുറേപേര്‍ ഉക്രെയ്‌ന്റെ പുറത്തുകടന്നുവെന്ന് കരുതാമെങ്കിലും അവരുടെ എണ്ണവും സര്‍ക്കാരിന്റെ അവകാശവാദത്തിനൊപ്പമെത്തില്ല. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ ബന്ധുക്കളെയും മാധ്യമങ്ങളെയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ എംബസിയുമായോ സര്‍ക്കാര്‍ സംവിധാനങ്ങളുമായോ ബന്ധപ്പെടുവാനാകില്ലെന്നുള്ള പരാതിയും പങ്കുവയ്ക്കുന്നുണ്ട്.
English summary:Indians in Ukraine: The Centre’s claims are hollow
You may also like this video