വംശീയ കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ മണിപ്പൂര്‍ ജനത നേരിടുന്നത് നരകയാതന. മേയ്തി-കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഏതാണ്ട് രണ്ട് വര്‍ഷമാകുമ്പോള്‍, മണിപ്പൂര്‍ വംശജരും ഇന്ത്യക്കാരാണെന്ന പരിഗണന നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്ന് ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ച് ദുരവസ്ഥ നേരിട്ട് മനസിലാക്കണമെന്നും ദൈന്യതയോടെ അവര്‍ ആവശ്യപ്പെട്ടു. ഒരു മിനിറ്റ് ക്യാമ്പില്‍ ചെലവഴിച്ചാല്‍ തങ്ങളനുഭവിക്കുന്ന വേദന ബോധ്യമാകും. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശങ്ങളെക്കുറിച്ച് രാജ്യം മുഴുവന്‍ കാതോര്‍ക്കുന്നു. ഞങ്ങളും ഇന്ത്യക്കാരണെന്ന പരിഗണന നല്‍കാന്‍ ഇനിയും അമാന്തിക്കരുതെന്നും അന്തേവാസികള്‍ പ്രതികരിച്ചു. വീടുകളിലേക്ക് മടങ്ങിപ്പോകാമെന്ന പ്രതീക്ഷ അസ്തമിച്ച പലരും ദുരിതാശ്വാസ ക്യാമ്പില്‍ ആത്മഹത്യ ചെയ്തു. ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം കാരണം നിരവധി പേര്‍ രോഗികളായി മരിച്ചുവീഴുകയാണ്. ക്യാമ്പില്‍ മരിക്കുന്നവരുടെ യഥാര്‍ത്ഥ കണക്കോ രേഖയോ സര്‍ക്കാരിന്റെ കൈവശമില്ലെന്നും അന്തേവാസികള്‍ പറഞ്ഞു. കലാപത്തിനിരകളായ മേയ്തി-കുക്കി വിഭാഗങ്ങളെ വേവ്വേറെ ഇടങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേയ്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപൂര്‍ ജില്ലയിലെ മൊയിരങ് പട്ടണത്തിലെ കോളജ് ഹാളില്‍ 527 പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. 15 ശുചിമുറികള്‍ മാത്രമുള്ള ഇവിടെ പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യവും കുറവാണ്.
കലാപത്തിന് പിന്നാലെ തൊഴില്‍ നഷ്ടമായതും ഇവര്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ സൗജന്യമായി എത്തിക്കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി അന്തേവാസിയായ ലോയിതോങ്ബാം നാനാവോ പറഞ്ഞു. ‘ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. ജീവനൊടുക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് തോന്നിയതോടെ ആത്മഹത്യാ ശ്രമം നടത്തിയെന്നും നാനാവോ പ്രതികരിച്ചു.’ സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ജീവനോപാധികളും ഉപകാരപ്പെടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടിയിറക്കപ്പെട്ട എല്ലാവരും സമാന അവസ്ഥയിലുടെയാണ് കടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു. കുക്കി ഭൂരിപക്ഷ മേഖലയായ ചൂരാചന്ദ്പൂരിലും സ്ഥിതി വ്യത്യസ്തമല്ല. കുക്കികള്‍ക്ക് ഇപ്പോള്‍ ഇംഫാല്‍ താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കലാപം കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നതായി കാജല്‍ എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു. ശരിയായ വൈദ്യസഹായം, അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും കാജല്‍ പ്രതികരിച്ചു. 2023ല്‍ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി അനുവദിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ ഇതിനകം 280 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങള്‍ പലായനം ചെയ്യുകയുമുണ്ടായി. രക്തരൂക്ഷിത കലാപം അരങ്ങേറിയിട്ടും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 2024 അവസാനം പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ 145 എംപിമാരെയാണ് സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

