നയതന്ത്ര ബന്ധം നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുമ്പോഴും വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ കാനഡയിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്‌മെന്റ് (ഒഇസിഡി) അംഗരാജ്യങ്ങളില്‍ കാനഡ മാത്രം 3,75,000 പുതിയ പൗരന്മാര്‍ക്ക് അനുമതി നല്‍കിയതായി ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണ്, 60,000 പേര്‍. ഫിലിപ്പീന്‍സ് (42,000), സിറിയ (20,000), പാകിസ്ഥാന്‍ (15,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം.
സാമ്പത്തിക പുരോഗതിയും ലോക വ്യാപാരവും ഉത്തേജിപ്പിക്കുന്നതിനായി 1961ൽ സ്ഥാപിതമായ 38 അംഗരാജ്യങ്ങളുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് ഒഇസിഡി. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടനയാണിത്. ഫ്രാൻസാണ് ആസ്ഥാനം. സാമ്പത്തികമായി മുന്‍നിരയിലുള്ള രാജ്യങ്ങളാണ് ഒഇസിഡിയിലെ അംഗങ്ങള്‍. 2021 ല്‍ ഒഇസിഡി രാജ്യങ്ങളിലേക്ക് ചേര്‍ന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ്. 1,33,000 പേര്‍ ഒഇസിഡിയുടെ ഭാഗമായി. ഇതില്‍ 56,000 പേര്‍ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്ക് 24,000 പേരും കാനഡയിലേക്ക് 21,000 പേരുമാണ് പുതിയ പൗരത്വം ഉറപ്പാക്കിയത്.
ചൈന ഒഴികെയുള്ള രാജ്യങ്ങളിലെ കുടിയേറ്റ നിരക്ക് 2021ല്‍ തന്നെ സാധാരണനിലയിലേക്കെത്തിയിരുന്നു. ഈ പട്ടികയിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ഇന്ത്യയില്‍ 4,07,000 പേര്‍ ഒഇസിഡി രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ചൈനയില്‍ നിന്ന് 2,27,000 പേരും റൊമാനിയയില്‍ നിന്ന് 2,15,000 പേരുമാണ് ഒഇസിഡിയുടെ ഭാഗമായത്. 2020 ല്‍ നിന്ന് 2021ലേക്ക് എത്തുമ്പോള്‍ കുടിയേറുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധനവാണുള്ളത്. ഇറാന്‍ (140 ശതമാനം), ഉസ്ബെക്കിസ്ഥാന്‍ (120), ഇറാഖ് (100) എന്നിങ്ങനെയാണ് വര്‍ധന. വെനസ്വേല, വിയറ്റ്നാം, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English Summary: Indians to Canada
You may also like this video