Site iconSite icon Janayugom Online

പ്രോട്ടീസ് പടയെയും വീഴ്ത്തി ഇന്ത്യയുടെ പടയോട്ടം; ത്രിരാഷ്ട്ര ഏകദിനത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം

വനിതാ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49.2 ഓവറില്‍ 261 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ സ്നേഹ് റാണയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദീപ്തി ശര്‍മ്മ, ചരണി, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സെഞ്ചുറിയുമായി തസ്മിന്‍ ബ്രിറ്റ്സ് പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാനായില്ല. സെഞ്ചുറി നേടിയതിന് പിന്നാലെ താരം റിട്ടേഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. താരം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുമ്പില്‍ റണ്‍സുയര്‍ത്താനായില്ല. ഒടുവില്‍ ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും ബ്രിറ്റ്സിന് അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. സ്നേഹ് റാണയുടെ പന്തില്‍ താരം പുറത്തായി. 107 പന്തില്‍ 109 റണ്‍സെടുത്താണ് താരം പുറത്തായത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ഡിറ്റാണ് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണര്‍ പ്രതിക റാവലാണ് ടോപ് സ്കോററായത്. താരം 91 പന്തില്‍ 79 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്മൃതി മന്ദാനയും പ്രതികയും ചേര്‍ന്ന് 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 54 പന്തില്‍ 36 റണ്‍സെടുത്ത് മന്ദാന മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ (29,), ഹര്‍മന്‍പ്രീത് കൗര്‍ (41), ജെമീമ റോഡ്രിഗസ് (41), റിച്ചാ ഘോഷ് (24), ദീപ്തി ശര്‍മ്മ (ഒമ്പത്), കഷ്‌വീ ഗൗതം (അഞ്ച്) എന്നിങ്ങനെയാണ് മറ്റു സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി നോന്‍കുലുലേകോ മ്ലാവോ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. 

Exit mobile version