ഓരോ മലയാളിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ് ജൂണ്‍ 23ന് വെെകിട്ട് അഞ്ചര മണിക്ക് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ കോഴിക്കോടിനെ യുനെസ്കോയുടെ സാഹിത്യനഗരങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിക്കൊണ്ട് നടന്ന പ്രഖ്യാപനം. കോഴിക്കോട് ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമാണ് എന്നത് കൂടുതല്‍ അഭിമാനകരം. കേരളത്തിന് മാത്രമല്ല, ഇന്ത്യക്കൊട്ടാകെയും അഭിമാനം പകര്‍ന്ന നിമിഷം. ലോകത്തെമ്പാടുമായി 53 സാഹിത്യനഗരങ്ങള്‍ക്കും, ഏഷ്യയിലാകെയുള്ള 10 സാഹിത്യനഗരങ്ങള്‍ക്കുമൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നമ്മുടെ സ്വന്തം കോഴിക്കോട് ആദരിക്കപ്പെടുന്നു. കോഴിക്കോടും അവിടുത്തെ സാഹിത്യകാരന്മാരും ആദരിക്കപ്പെടുമ്പോള്‍ നമ്മുടെ മാതൃഭാഷയായ മലയാളമാണ് ആദരിക്കപ്പെടുന്നത്. ലോകത്തിലെ ചെറിയ ഒരു ജനവിഭാഗം സംസാരിക്കുന്ന, എഴുതുന്ന, വായിക്കുന്ന, ചിന്തിക്കുന്ന, സ്വപ്നം കാണുന്ന മലയാള ഭാഷയ്ക്ക് കിട്ടിയ വലിയ അംഗീകാരം.
കോഴിക്കോടിന്റെ സാഹിത്യക്കൂട്ടായ്മയുടെ ചരിത്രം തിരഞ്ഞുപോയാല്‍ 14-ാം നൂറ്റാണ്ടുമുതല്‍ സാമൂതിരി രാജാവ് നടത്തിവന്ന ‘രേവതി പട്ടത്താനം’ എന്ന പണ്ഡിത സദസിലാണ് എത്തിച്ചേരുക. ഗ്രീക്ക്, അറബ്, ചെെനീസ് ജനതകളുമായുള്ള കച്ചവട ബന്ധങ്ങള്‍ കോഴിക്കോടിനെ മധ്യകാലഘട്ടത്തിലെ ഒരു വിശ്വനഗരമായി മാറ്റി. ഇതേസമയം തന്നെ അറബിക്, പോര്‍ച്ചുഗീസ് ഭാഷകളില്‍ നിന്നും ധാരാളം പദങ്ങള്‍ നമ്മള്‍ മലയാളത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു. കത്ത്, കരാര്‍, ബാക്കി, ജില്ല, താലൂക്ക്, ഹര്‍ജി, ജാമ്യം, മുന്‍ഷി, ജപ്തി, വക്കീല്‍, വക്കാലത്ത്, ഖജനാവ്, തസ്തിക, നികുതി തുടങ്ങി കഞ്ചൂസും, ഹിമാറും, ഹമുക്കും വരെ നമ്മള്‍ അറബിക്കില്‍ നിന്നും സ്വീകരിച്ച നൂറുകണക്കിന് വാക്കുകളില്‍പ്പെടുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും ആസ്പത്രി, മേശ, കസേര, ജന്നല്‍, വരാന്ത, മേസ്ത്രി, രസീത്, പാതിരി, പിക്കാസ്, തൂവാല, വീപ്പ, സെമിത്തേരി, കുരിശ്, പേന, പേരക്ക, ചക്ക, മാങ്ങ, വെറ്റില, തേക്ക്, ചക്കര തുടങ്ങിയ വാക്കുകള്‍ മലയാളത്തിലേക്ക് അതേ അര്‍ത്ഥത്തില്‍ വന്നു. ലോകഭാഷകളും മലയാളവുമായി കോഴിക്കോട് നടന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ചുരുങ്ങിയത് അറുന്നൂറ് വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നര്‍ത്ഥം.
ആധുനിക കോഴിക്കോടിന്റെ ചരിത്രം പരിശോധിച്ചാല്‍ രണ്ട് ജ്ഞാനപീഠ ജേതാക്കളുണ്ട് നഗരത്തില്‍. യശഃശരീരനായ എസ് കെ പൊറ്റെക്കാടും ഇന്നും നട്ടെല്ല് നിവര്‍ത്തി ജനപക്ഷത്തുനിന്ന് അധികാരികളുടെ അഹന്തയെ തിരുത്തുന്ന എം ടി വാസുദേവന്‍ നായര്‍ എന്ന മലയാള കഥാസാഹിത്യത്തിലെ ഭീഷ്മപിതാമഹനും. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവായ അപ്പു നെടുങ്ങാടി (1863–1933) കോഴിക്കോടിന്റെ സാമൂഹ്യമണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അഭിഭാഷകന്‍, സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നത്തെ അച്യുതന്‍സ് ഗേള്‍സ് ഹെെസ്കൂളിന്റെയും നെടുങ്ങാടി ബാങ്കിന്റെയും സ്ഥാപകന്‍ തുടങ്ങി കേരള പത്രിക, കേരള സഞ്ചാരി, വിദ്യാ വിനോദിനി എന്നീ പത്രമാസികകളുടെ ഉടമസ്ഥന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചയാള്‍. 1923ല്‍ മാതൃഭൂമി പത്രവും 1924ല്‍ അല്‍ അമീനും 1944ല്‍ ദേശാഭിമാനി വാരികയും പിന്നീട് ജനയുഗം പത്രവും മറ്റും കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.
കോഴിക്കോട് നഗരത്തില്‍ ജനിച്ചുവളര്‍ന്ന ആ നഗരത്തിന്റെ ഹൃദയസ്പന്ദനം രേഖപ്പെടുത്തിയ സാഹിത്യകാരനായിരുന്നു എസ് കെ പൊറ്റെക്കാട്. കോഴിക്കോട് എന്ന നഗരത്തിന്റെ കഥാകാരന്‍ എസ്‌കെയാണ്. ഒരു തെരുവിന്റെ കഥ (1960), ഒരു ദേശത്തിന്റെ കഥ (1971) എന്നീ നോവലുകളിലൂടെ ആ നഗരത്തിന്റെ സാമൂഹ്യചരിത്രം കൃത്യമായി എസ്‌കെ രേഖപ്പെടുത്തി. മറ്റൊരാള്‍ ഉറൂബ് എന്ന തൂലികാനാമത്തിലെഴുതിയ പി സി കുട്ടികൃഷ്ണനാണ്. 1960ല്‍ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സുന്ദരികളും സുന്ദരന്മാരും പറയുന്നത് മൂന്ന് തലമുറയുടെ ചരിത്രമാണ്. വെെക്കത്തെ തലയോലപ്പറമ്പില്‍ നിന്നും ലോകസഞ്ചാരം നടത്തിയ വെെക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തിന്റെ സുല്‍ത്താന്‍ സ്വന്തം തലസ്ഥാനമായി സ്വീകരിച്ചത് കോഴിക്കോട് ബേപ്പൂര്‍ എന്ന കടല്‍ത്തീര ഗ്രാമമായിരുന്നു. സുല്‍ത്താന്റെ സദസില്‍ കേരളത്തിലെ എഴുപതുകളിലെ സാഹിത്യരംഗത്തെ എല്ലാ വലിയ പേരുകാരും ഹാജരായിരുന്നു. എംടി, വികെഎന്‍, എന്‍ പി മുഹമ്മദ്, തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, അരവിന്ദന്‍ തുടങ്ങി അനേകം പേര്‍.
കോഴിക്കോടുകാരായ പ്രശസ്ത സാഹിത്യകാരന്മാര്‍ അനേകം പേരുണ്ട്. എന്‍ എന്‍ കക്കാട്, അക്കിത്തം, പുനത്തില്‍ കുഞ്ഞബ്ദുള്ള, യു എ ഖാദര്‍, കെ എ കൊടുങ്ങല്ലൂര്‍, ബാലാമണിയമ്മ, കുഞ്ഞുണ്ണി തുടങ്ങി പി കെ ഗോപിയും വി ആര്‍ സുധീഷും അക്ബര്‍ കക്കട്ടിലും, ഒ പി സുരേഷും വരെ. ജോയ് മാത്യുവിനെയും എം എന്‍ കാരശേരി മാഷെയും മറന്നുകൊണ്ടല്ല ഇതുപറയുന്നത്. ബേപ്പൂര്‍ സുല്‍ത്താന്റെ സദസില്‍ സാഹിത്യകാരന്മാര്‍ മാത്രമല്ല ഹാജരുണ്ടായിരുന്നത്. ശോഭന പരമേശ്വരന്‍ നായരെയും, രാമു കാര്യാട്ടിനെയും പോലെ വലിയ സിനിമക്കാര്‍, പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫര്‍, മാമുക്കോയ എന്ന കല്ലായിയിലെ മരം അളവുകാരന്‍, നിലമ്പൂര്‍ ബാലേട്ടനും, കുഞ്ഞാണ്ടിയും, വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന ബാലന്‍ കെ നായരും, നാടകകൃത്തായ സുരാസുവും. ഇവരുടെ എല്ലാവരുടെയും എല്ലാ അസുഖങ്ങള്‍ക്കും ചികിത്സിച്ചിരുന്ന വെെദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ സാക്ഷാല്‍ രാമദാസന്‍ വെെദ്യരും കൂടിച്ചേര്‍ന്നാലേ എഴുപതുകളിലെ കോഴിക്കോടിന്റെ ചിത്രം പൂര്‍ത്തിയാവുകയുള്ളു.
പുതിയ കോഴിക്കോടിന് അന്താരാഷ്ട്ര സാഹിത്യനഗരമെന്ന പദവി ലഭിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഓര്‍മ്മിക്കാതെ പോയ രണ്ട് പേരുകളുണ്ട്. കോഴിക്കോട് നഗരത്തില്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒ വി വിജയനും കോഴിക്കോട് സര്‍വകലാശാല പിആര്‍ഒ ആയിരുന്ന ടി പി രാജീവനും. രണ്ടുപേരെയും മാധ്യമങ്ങള്‍ വിട്ടുകളഞ്ഞതിന് ഒരേ കാരണമാണ് എന്നാണ് തോന്നുന്നത്. കാല, ദേശ പരിഗണനകള്‍ക്കപ്പുറമുള്ള സാഹിത്യസൃഷ്ടികളാണ് അവരുടേത് എന്നതാവാം ഈ മറന്നുപോവലിന് കാരണം. ഒ വി വിജയന്‍ ഖസാക്ക് മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുവാനായി നല്‍കുന്നത് അദ്ദേഹം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായിരുന്ന കാലത്താണ്. ഖസാക്ക് മലയാള നോവല്‍ ഭാഷയുടെ വ്യാകരണം തിരുത്തിയ കൃതിയായി മാറി. തലമുറകള്‍ക്കിപ്പുറവും ഭാഷയുടെ മനോഹാരിതകൊണ്ട് ഖസാക്ക് അനുവാചകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ടി പി രാജീവിന്റെ നോവല്‍ത്രയം പലേരി മാണിക്യം, കെടിഎന്‍ കോട്ടൂര്‍, ക്രിയാശേഷം ഇവ കേരള ചരിത്രത്തിലെ സ്വാതന്ത്ര്യപൂര്‍വ, സ്വാതന്ത്ര്യശേഷ കാലഘട്ടങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളുടെ സൂക്ഷ്മതലത്തിലുള്ള പഠനമെന്ന രീതിയില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള രാജീവന്റെ കവിതകള്‍, അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അകാലത്തില്‍ വിടവാങ്ങിയ ടി പി രാജീവന്‍ കോഴിക്കോട് എന്ന സാഹിത്യനഗരത്തിന്റെ ഒരു നാഴികക്കല്ലാണ്.
കോഴിക്കോട് എന്‍ഐടിയും പ്രാഗ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കോഴിക്കോട് നഗരത്തില്‍ അഞ്ഞൂറിലേറെ ഗ്രന്ഥശാലകളും എഴുപതിലേറെ പ്രസാധക സ്ഥാപനങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്. എല്ലാ സീസണുകളിലും നഗരത്തില്‍ അനേകം സാഹിത്യസംബന്ധിയായ സമ്മേളനങ്ങള്‍, പുസ്തകമേളകള്‍, പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം നടക്കുന്നത് നമുക്ക് ചിരപരിചിതമാണെങ്കിലും പ്രാഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി. കോഴിക്കോട് നഗരസഭയാണ് ഈ പദവിക്കായി പരിശ്രമിച്ചത് എന്നത് അഭിനന്ദനാര്‍ഹമാണ്.
ഹിന്ദുസ്ഥാനി സംഗീതവും ഫുട്ബോളും സിനിമയും ഗസലും നാടകവുമൊക്കെ ഇഴചേര്‍ന്നുകിടക്കുന്ന കോഴിക്കോടിന്റെ ബഹുസ്വര സംസ്കാരത്തിന് ലഭിച്ച അംഗീകാരമാണ് യുനെസ്കോ നല്‍കിയ സാഹിത്യ നഗരമെന്ന പദവി. ഈ അംഗീകാരം കോഴിക്കോട്ടുകാര്‍ മാത്രമല്ല ഓരോ മലയാളിയും ആഘോഷിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ നഗരമെന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും ഇക്കാര്യം ആഘോഷിക്കേണ്ടതുണ്ട്. സമൂഹത്തെ ഇഴകീറി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. പക്ഷെ നമ്മള്‍ ഓരോ മലയാളിയും ഉറക്കെ വിളിച്ചുപറയണം ഇതാണ് രാജ്യം ആഘോഷിക്കേണ്ട നിമിഷം. ബഹുസ്വരതയുടെയും സംസ്കാരത്തിന്റെയും ആഘോഷ നിമിഷം. ഒരിക്കലും മറക്കരുതാത്ത മാനവ സംസ്കൃതിയുടെ ആഘോഷ നിമിഷം.