Site icon Janayugom Online

ഇന്ത്യയുടെ വിദേശ കടം 51 ലക്ഷം കോടി

ഇന്ത്യയുടെ വിദേശ കടം 63,000 കോടി ഡോളറായി ഉയര്‍ന്നതായി ആര്‍ബിഐ. ഈ വര്‍ഷം ജൂണില്‍ രാജ്യത്തിന്റെ കടം മാര്‍ച്ച് മാസത്തേക്കാള്‍ 470 കോടി ഉയര്‍ന്ന് 62,910 കോടി ഡോളര്‍ (ഏകദേശം 51 ലക്ഷം കോടി രൂപ) ആയതായി റിസര്‍വ് ബാങ്ക് ഇന്നലെ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. എന്നാല്‍ നികുതി-ജിഡിപി അനുപാതം 18.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് മാര്‍ച്ചില്‍ 18.8 ശതമാനമായിരുന്നു. ദീര്‍ഘകാല കടങ്ങള്‍ (മെച്യൂരിട്ടി ഒരു വര്‍ഷത്തിന് മുകളിലുള്ള കടങ്ങള്‍) ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 960 കോടി ഉയര്‍ന്ന് 50,550 കോടി ഡോളറായി. 

അതേസമയം 2023–24 കാലയളവില്‍ ആദ്യ പാദത്തില്‍ രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി 920 കോടി ഡോളറായി(മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 1.1 ശതമാനം) താഴ്ന്നിട്ടുണ്ട്. 2022–23 കാലയളവിലെ ആദ്യ പാദത്തില്‍ ഇത് 1790 കോടി ഡോളര്‍ ആയിരുന്നു. അതായത് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 2.1 ശതമാനം. ഉയര്‍ന്ന വ്യാപാര കമ്മിയും സേവന മേഖലയിലെ ഇടിവുമാണ് കറണ്ട് അക്കൗണ്ട് കമ്മി ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തല്‍. 

വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ നെറ്റ് ക്ലെയിമുകള്‍ 2023–24 കാലയളവില്‍ 1,210 കോടി ഡോളര്‍ ഉയര്‍ന്ന് 37,970 കോടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ പോര്‍ട്ട്ഫോളിയോ നിക്ഷേപം 1500 കോടി ഡോളറും നേരിട്ടുള്ള വിദേശ നിക്ഷേപം 890 കോടിയുമാണ്. ഇതാണ് വിദേശ കടങ്ങളുടെ മൂന്നില്‍ രണ്ട് ശതമാനമെന്നും ആര്‍ബിഐ കണക്കാക്കുന്നു.

Eng­lish Summary:India’s for­eign debt is 51 lakh crore
You may also like this video

Exit mobile version