ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. നാവിക സേനയുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപഗ്രഹം ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള എൽവിഎം-3 റോക്കറ്റ് ഉപയോഗിച്ച് നാളെ വൈകുന്നേരം 5.26‑ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് വിക്ഷേപിക്കുക. ഇന്ത്യൻ നാവിക സേനയുടെ ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. 4,400 കിലോഗ്രാം ഭാരമുള്ള സി.എം.എസ്-03 ഇന്ത്യയിൽ നിന്ന് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.
ഇന്ത്യയുടെ തീരപ്രദേശത്തുനിന്ന് 2,000 കിലോമീറ്റർ ചുറ്റളവിൽ നാവിക സേനയുടെ മുഴുവൻ സൈനിക സംവിധാനങ്ങളെയും സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഇതിന് കഴിയും. 2013 മുതൽ സേവനമനുഷ്ഠിക്കുന്ന ജിസാറ്റ്-7 (റുക്മിണി) ഉപഗ്രഹത്തിന് പകരമാണ് പുതിയ സിഎംഎസ്-03 എത്തുന്നത്. പാകിസ്ഥാന്‍ നാവിക സേനയുടെ നീക്കങ്ങൾ തിരിച്ചറിയുന്നതടക്കമുള്ള നിർണായക ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ റുക്മിണി പ്രധാന പങ്ക് വഹിച്ചിരുന്നു. 15 നില കെട്ടിടത്തിന്റെ ഉയരമുള്ള, 642 ടൺ ഭാരമുള്ള ഈ റോക്കറ്റിൻ്റെ എട്ടാമത്തെ വിക്ഷേപണമാണിത്. ചന്ദ്രയാൻ 3 ദൗത്യമായിരുന്നു അവസാനത്തെ വിജയകരമായ ദൗത്യം കൂടിയാണ്. ബഹിരാകാശത്ത് ഇന്ത്യയുടെ മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും എൽ.വി.എം-3 റോക്കറ്റിന്റെ മനുഷ്യശേഷിയുള്ള പതിപ്പാണ് ഉപയോഗിക്കുക.

