Site iconSite icon Janayugom Online

ഇന്ത്യയുടെ മനുഷ്യ ദൗത്യം: എൻജിൻ പരീക്ഷണം വിജയം

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാന്റെ എല്‍വിഎം3 റോക്കറ്റിന് വേണ്ടിയുള്ള ക്രയോജനിക് എൻജിൻ പരീക്ഷണം വിജയം. സിഇ20 ക്രയോജനിക് എൻജിന്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സജ്ജമാണോ എന്ന പരീക്ഷണമാണ് നടത്തിയത്. ദൗത്യത്തിന്റെ അവസാനവട്ട പരീക്ഷണങ്ങളിലൊന്നാണ് ഇത്. 

മഹേന്ദ്ര ഗിരിയില്‍ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷൻ കോംപ്ലക്സിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം. എൻജിന്റെ സാങ്കേതികത, പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവ പരീക്ഷണ വിധേയമായി. എന്‍ജിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്ന മിശ്രിത അനുപാതം, ത്രസ്റ്റ്, പ്രൊപ്പല്ലന്റ് ടാങ്ക് മർദം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരീക്ഷിച്ചു.

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് എല്‍വിഎം3 ജി1 വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക. വാക്വം ഇഗ്നീഷൻ ടെസ്റ്റുകളുടെ ഏഴാംഘട്ട പരീക്ഷണം ഈ മാസം 13ന് പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വിവിധ പ്രവര്‍ത്തന സാഹചര്യങ്ങളില്‍ നാല് എൻജിനുകള്‍ 39 ഹോട്ട് ഫയറിങ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ആദ്യ ഗഗന്‍യാന്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്നതിനുള്ള എല്ലാ അനുമതികളും സിഇ20 എൻജിന് ലഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. 

സോളിഡ്, ലിക്വിഡ്, ക്രയോജനിക് സ്റ്റേജുകളുള്ള റോക്കറ്റ് ആണ് എല്‍വിഎം3. ഈ വര്‍ഷം മധ്യത്തോടെ ഗഗന്‍യാന്‍ ആദ്യ ആളില്ലാ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400കിലോമാറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗൻയാൻ. തിരികെ ഇന്ത്യൻ സമുദ്രോപരിതലത്തിലാകും പേടകം ലാന്റിങ് നടത്തുക. 

Eng­lish Summary:India’s Human Mis­sion: Engine Test Success
You may also like this video

Exit mobile version