Site iconSite icon Janayugom Online

ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനി ബിജെപിക്ക് സംഭാവനയായി നല്‍കിയത് 30 കോടി

ഹിന്ദുത്വ സംഘടനകള്‍ നിരന്തരം വിമര്‍ശിക്കുന്ന രാജ്യത്തെ ബീഫ് വ്യവസായം ബിജെപി സര്‍ക്കാരിനു കീഴില്‍ വലിയ വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്.ഇന്ത്യയിലെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിൽനിന്ന് 2024–25ൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി 30 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോര്‍ട്ട്. 2025‑ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യൺ യുഎസ് ഡോളർ കടന്നതിനു പിന്നാലെയാണ് ഇർഫാൻ അല്ലാനയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ സംഭാവന ബിജെപിക്ക് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. 2014‑ൽ യുപിഎ സർക്കാർ പിങ്ക് വിപ്ലവം പ്രോത്സാഹിപ്പിക്കുകയും കന്നുകാലി കശാപ്പിനെ സഹായിക്കുകയും ചെയ്യുന്നുവെന്നും ആരോപണം ഉന്നയിച്ച അതേ മോഡി ഭരിക്കുമ്പോഴാണ്‌ അല്ലാന ഗ്രൂപ്പിന്റെ ഈ വളർച്ച എന്നതാണ് ശ്രദ്ധേയം. 

2019‑ൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100-ലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. ഏപ്രിലിൽ, കമ്പനി ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങൾക്കു പിന്നാലെയാണ് കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019‑ൽ അവർ ഏഴു കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. ശിവസേനയ്ക്ക് അഞ്ചു കോടി രൂപയും ബിജെപിക്ക് രണ്ടു കോടി രൂപയും സംഭാവന ചെയ്തു. അക്കാലത്ത്, മുംബൈയിലെയും മഹാരാഷ്ട്രയിലെയും മുനിസിപ്പൽ, സംസ്ഥാന ഭരണകൂടങ്ങൾ നിയന്ത്രിച്ചിരുന്നത് ശിവസേനയും ബിജെപിയുമായിരുന്നു. മോഡി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് സംഭാവന നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

2013–14 കാലയളവിൽ അവർ രണ്ടു കോടി രൂപയും അടുത്ത വർഷം 50 ലക്ഷം രൂപയും സംഭാവന ചെയ്തു. തുടർന്ന് 2019‑ൽ ഗ്രൂപ്പ് രണ്ടു കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന ചെയ്തു. 2023–24ൽ വീണ്ടും, പാർട്ടിക്ക് അതിന്റെ സ്ഥാപനമായ ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് വഴി രണ്ടു കോടി രൂപ സംഭാവന ചെയ്തു. 2024–25ലെ സംഭാവന 15 മടങ്ങ് വർധിച്ച് 30 കോടി രൂപയായി. അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗേറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫിക്കോ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡാഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് പ്രാഥമിക സ്ഥാപനങ്ങളിലൂടെയാണ് കമ്പനി പണം സംഭാവന ചെയ്തത്.

Exit mobile version