Site iconSite icon Janayugom Online

തദ്ദേശീയ വളര്‍ച്ച മുരടിക്കും; യുഎസ് വിധേയത്വം കൂടും

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പ് വെച്ച ഡ്രോണ്‍— ജെറ്റ് എന്‍ജിന്‍ ഇടപാട് ഭാവിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കുരുക്കായി മാറുമെന്ന് റിപ്പോര്‍ട്ട്. ആയുധ ഇടപാട് സംബന്ധിച്ച് കൊട്ടിഘോഷിച്ച് മോഡിയും ബിജെപിയും നടത്തുന്ന അവകാശവാദം ജലരേഖയായി മാറുമെന്നും പ്രതിരോധ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡ്രോണ്‍— ജെറ്റ് എന്‍ജിന്‍ ഇടപാട് വഴി അമേരിക്കന്‍ സൈനിക സംവിധാനത്തിന് ഇന്ത്യ അടിമകളായി മാറുമെന്നാണ് ആരോപണം. കരാറിന്റെ ഭാഗമായി 31 എംക്യു ഡ്രോണുകളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യ വാങ്ങുക. ഇതില്‍ 15 എണ്ണം നാവികസേനയുടെയും എട്ടെണ്ണം വീതം കര — വ്യേമസേനയുടെയും ഭാഗമായി മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. യുഎസ് ഡ്രോണുകളുടെ വില, സാങ്കേതിക മേന്മ എന്നിവ സംബന്ധിച്ച് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

ഇന്ത്യ വന്‍തുക മുടക്കി സ്വന്തമാക്കാന്‍ പോകുന്ന യുഎസ് ഡ്രോണ്‍ സാങ്കേതിക രംഗത്തും ഗുണമേന്മയിലും ഏറെ പിന്നിലാണെന്നും ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രികില്‍ നിന്ന് ജെറ്റ് എന്‍ജിന്‍ വാങ്ങാനുള്ള തീരുമാനവും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് പോര്‍ വിമാനങ്ങളുടെ എന്‍ജിന്‍ രൂപകല്പനയിലും വികസനത്തിലും കൈവരിച്ച അസൂയാവഹമായ നേട്ടം പുതിയ ജെറ്റ് എന്‍ജിന്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിലയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തദ്ദേശീയമായി എച്ച്എഎല്‍ വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ് എംകെ 2 വില്‍ എഫ് 414 എന്‍ജിനുകളായിരിക്കും ഇനി ഉപയോഗിക്കുക. നേരത്തെ തേജസ് വിമാനങ്ങളില്‍ എഫ് 404 എന്‍ജിനായിരുന്നു ഉപയോഗിച്ചിരുന്നത്. തദ്ദേശീയമായി ജെറ്റ് എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷണം തുടരുന്ന എച്ച്എഎല്ലിന്റെ തുടര്‍ പദ്ധതികള്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിലയ്ക്കും. ഈ രംഗത്ത് അമേരിക്ക, യുകെ, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം ജനറല്‍ ഇലക്ട്രിക്കുമായുള്ള കരാര്‍ വഴി ഇരുളടയും. 

പുതിയ ജെറ്റ് എന്‍ജിന്‍ സാങ്കേതിക വിദ്യ ജനറല്‍ ഇലക്ട്രിക് എച്ച്എഎല്ലിനു കൈമാറുമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നതെങ്കിലും അമേരിക്കന്‍ ആയുധ നയത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക കൈമാറ്റം വേഗത്തില്‍ സാധ്യമാകില്ല. തദ്ദേശീയമായി കാവേരി ജെറ്റ് എന്‍ജിന്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം 1989 ല്‍ ആരംഭിച്ചിരുന്നു. ഇതിനായി ഏഴായിരം കോടിയോളം ചെലവഴിച്ചിട്ടുണ്ട്. പോര്‍വിമാന വികസന സ്വയംപര്യാപ്തതയുടെ അടുത്തഘട്ടമായി വരുന്ന ജെറ്റ് എന്‍ജിന്‍ നിര്‍മ്മാണത്തിന് യുഎസ് കരാര്‍ വിലങ്ങുതടിയായി മാറും. ഡിഫൻസ് റിസര്‍ച്ച് ഡെവലവപ്പ്മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ) നും എച്ച്എഎല്ലും പ്രതിരോധ മേഖലയില്‍ നടത്തിവരുന്ന ഗവേഷണങ്ങളും, കണ്ടുപിടിത്തങ്ങളും യുഎസ്- ഇന്ത്യ ആയുധ കരാര്‍ വഴി മരീചികയായി മാറുമെന്നും പ്രതിരോധ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

Eng­lish Sum­ma­ry: Indige­nous growth will be stunt­ed; US loy­al­ty will increase
You may also like this video

Exit mobile version