Site iconSite icon Janayugom Online

ഇന്‍ഡിഗോ വിമാനം റദ്ദാക്കി; വിവാഹ റിസപ്ഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത് വധുവും വരനും

വിമാനങ്ങൾ റദ്ദാക്കിയതോടെ സ്വന്തം വിവാഹ സൽക്കാരത്തിൽ ഓൺലൈനായി പങ്കെടുത്ത് ദമ്പതികൾ. ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെയാണ് ഐടി ജീവനക്കാരായ മേധ ക്ഷീർസാഗറിനും സംഗമ ദാസിനുമാണ് തങ്ങളുടെ റിസപ്ഷനിൽ ഓൺലൈനായി പങ്കെടുക്കേണ്ടി വന്നത്. ഇവർ യാത്ര ചെയ്യേണ്ടിയിരുന്ന ഇൻ​ഡി​ഗോ വിമാനം റദ്ദാക്കിയതോടെ, ദമ്പതികൾ വീഡിയോ കോൺഫറൻസിംഗ് വഴി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പങ്കുചേരുകയായിരുന്നു.

ബഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ മേധ ക്ഷീർസാഗറിന്റെയും സംഗമ ദാസിന്റെയും സ്വീകരണം ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ നടക്കാനിരിക്കുകയായിരുന്നു. മേധ ക്ഷീർസാഗർ ഹുബ്ബള്ളി സ്വദേശിയാണ്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയാണ് സംഗമ ദാസ്. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് മാർഗ്ഗങ്ങൾ തേടിയെങ്കിലും സമയബന്ധിതമായി എത്താൻ ഇവർക്ക് കഴിയില്ലായിരുന്നു. നവംബർ 23ന് ഭുവനേശ്വറിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബർ 2ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കും ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9 മുതൽ പിറ്റേന്ന് പുലർച്ചെ വരെ വിമാനങ്ങൾ പലതവണ വൈകിയിരുന്നു. ഡിസംബർ 3ന് ഒടുവിൽ വിമാനം റദ്ദാക്കി. എന്നാല്‍ ഇതിനകം തന്നെ റിസപ്ഷന്‍ വേദിയില്‍ തയ്യാറെടുപ്പുകളും പൂർത്തിയായി അതിഥികൾ വന്നുതുടങ്ങിയിരുന്നു. ഇതോടെ ചടങ്ങിനായി ഒരുങ്ങി ദമ്പതികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യക്ഷപ്പെടുകയായിരുന്നു.

Exit mobile version