രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ലാഭത്തിൽ വൻ ഇടിവ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 78 ശതമാനം ഇടിഞ്ഞ് 549.1 കോടി രൂപയായി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 2,448.8 കോടി രൂപയായിരുന്നു ഇൻഡിഗോയുടെ ലാഭം.
കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോയുടെ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടത് കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഇൻഡിഗോയുടെ വിമാന സർവീസുകളിൽ 10 ശതമാനം കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി 10 വരെ ഈ നിയന്ത്രണം തുടരും. ലാഭത്തിൽ ഇടിവുണ്ടായെങ്കിലും കമ്പനിയുടെ മൊത്തം വരുമാനത്തിൽ വർധനവുണ്ട്. കഴിഞ്ഞ പാദത്തിൽ 24,540.6 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുൻവർഷം ഇത് 22,992.8 കോടി രൂപയായിരുന്നു.

