Site iconSite icon Janayugom Online

ഇന്ത്യ‑പാക് സംഘര്‍ഷം ബസ്‌മതി അരിക്ക് വിലയേറി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ്‌മതി അരിയുടെ വില 10 ശതമാനംവരെ ഉയര്‍ന്നു. ബസ്മതി അരി വില മൊത്തവ്യാപാര കമ്പോളങ്ങളില്‍ കിലോയ്ക്ക് 53 രൂപയില്‍ നിന്ന് 59 രൂപയായായി ഉയര്‍ന്നു. പ്രാദേശിക വിതരണം ഉറപ്പാക്കാന്‍ ഇന്ത്യ മിനിമം കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആഗോള ഉപഭോക്താക്കള്‍ പാകിസ്ഥാനിലേക്ക് മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബസ്‌മതി അരിയുടെ വില കുറയാന്‍ തുടങ്ങിയിരുന്നു. പിന്നീട് സര്‍ക്കാര്‍ പരിധി ഉയര്‍ത്തി, പക്ഷേ അപ്പോഴേക്കും ബസ്‌മതി അരി വാങ്ങുന്ന രാജ്യങ്ങള്‍ പാകിസ്ഥാനിലേക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു, ഇത് ആഭ്യന്തര വിപണിയില്‍ ബസ്‌മതി അരിയുടെ അമിത വിതരണത്തിന് കാരണമായി, ഇത് വിലയില്‍ ഇടിവുണ്ടാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ബസ്‌മതി അരിയുടെ വിതരണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടെ അരി ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ഓര്‍ഡര്‍ നല്‍കിത്തുടങ്ങി. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ വില പത്തുശതമാനം കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ, ആഗോള അരി വിപണിയുടെ 35 ശതമാനം മുതല്‍ 40 ശതമാനം വരെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുന്ന ബസ്‌മതി അരിയുടെ 25 ശതമാനം ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും മാത്രം പ്രതിവര്‍ഷം 16,000 കോടി രൂപയുടെ ബസ്‌മതി അരി ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്നുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024–25 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ബസ്‌മതി അരി കയറ്റുമതി 1.91 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. 

Exit mobile version