സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളെ രോഗമുക്തരാക്കി ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അഞ്ചു വയസ്സിന് താഴെയുള്ളവർക്കാണ് തുള്ളിമരുന്ന് നൽകുന്നത്. 21,11,010 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 12ന് ബൂത്തുകളിൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്തവർക്ക് 13നും 14 നും വോളണ്ടിയർമാർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും. എല്ലാ രക്ഷാകർത്താക്കളും അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണം.
കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് വാക്സിൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷനായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. സൈറ ഭാനു,ഡോ. ആശാ രാഘവൻ, തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ: മന്ത്രി വീണാ ജോർജ്

