Site iconSite icon Janayugom Online

വിലക്കയറ്റം രൂക്ഷം; ചില്ലറവില പണപ്പെരുപ്പം നാല് മാസത്തെ ഉയര്‍ന്ന നിരക്കില്‍

രാജ്യത്തെ ചില്ലറ വില്പന പണപ്പെരുപ്പം വീണ്ടും പിടിവിടുന്നു. ഡിസംബറിലെ പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.69 ശതമാനത്തിലെത്തി. ഭക്ഷ്യ വില വര്‍ധനയാണ് ചില്ലറ വില്പന പണപ്പെരുപ്പം രൂക്ഷമാകാൻ കാരണമെന്ന് ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നു. 2022 ഡിസംബറില്‍ 5.75 ശതമാനമായിരുന്ന ഉപഭോക്തൃ വില സൂചിക 2023 നവംബറില്‍ 5.55 ശതമാനത്തിലെത്തി. 2023 ഓഗസ്റ്റില്‍ ഇത് 6.83 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ ചില്ലറ വില്പന പണപ്പെരുപ്പം ഡിസംബറില്‍ 9.53 ശതമാനമായിരുന്നു. ചില നഗരങ്ങളില്‍ ഇത് 10 ശതമാനത്തിന് മുകളിലെത്തി. നവംബറില്‍ ഇത് 8.7 ശതമാനവും ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 4.9 ശതമാനവുമായിരുന്നു എന്ന് ദേശീയ സ്ഥിതിവിവര ഓഫിസ് രേഖകള്‍ വ്യക്തമാക്കുന്നു.

ചില്ലറ വില്പന പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിലനിര്‍ത്തുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായ 51-ാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ നിശ്ചയപരിധിക്ക് പുറത്തുനില്‍ക്കുന്നത്. ഭക്ഷ്യവിലയ്ക്ക് പുറമെ വസ്ത്രങ്ങളും പാദരക്ഷകളും, ഇന്ധനം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വിലസൂചികകളും ഉയര്‍ന്നിട്ടുണ്ട്. അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പരിപ്പ്, പയര്‍ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വിപണിയില്‍ തീപിടിച്ച വിലയാണ്. പയറുവര്‍ഗങ്ങള്‍ക്ക് 20.73 ശതമാനവും പച്ചക്കറികള്‍ക്ക് 27.6 ശതമാനവും വില കൂടി. പഴവര്‍ഗങ്ങളുടെ വിലയില്‍ 11.14 ശതമാനത്തിന്റെയും പഞ്ചസാരയുടെ വിലയില്‍ 7.14 ശതമാനത്തിന്റെയും കുതിപ്പുണ്ടായി. വെജിറ്റേറിയന്‍ താലി ഊണിന്റെ വിലയില്‍ 12 ശതമാനം വര്‍ധന കഴിഞ്ഞമാസം ഉണ്ടായതായി കണക്കുകള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ 4.3 ശതമാനം മാത്രം

ഏഴ് സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം ആറ് ശതമാനത്തിലധികം. ഒഡിഷ (8.7), ഗുജറാത്ത് (7.1), രാജസ്ഥാൻ (6.95), ഹരിയാന (6.7) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം വിലക്കയറ്റം. കർണാടകയിലും തെലങ്കാനയിലും 6.65 ശതമാനവും മഹാരാഷ്ട്രയിൽ 6.1 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തി.

ഡൽഹിയാണ് പണപ്പെരുപ്പം ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം. 2.95 ശതമാനം. കേരളവും പണപ്പെരുപ്പത്തെ ഒരു പരിധിവരെ ചെറുത്തുനിന്നു. 4.3 ശതമാനം. ഛത്തീസ്ഗഢ് (4.5), ഉത്തരാഖണ്ഡ് (4.7), തമി‌ഴ‌്നാട് (4.97), പശ്ചിമ ബംഗാൾ (4.98) എന്നിവ മാത്രമാണ് കേരളത്തിന് പുറമെ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള മറ്റ് സംസ്ഥാനങ്ങൾ.

Eng­lish Summary;Inflation is severe; Retail price infla­tion at four-month high
You may also like this video

Exit mobile version