ഓഗസ്റ്റിൽ ഇന്ത്യയുടെ ചില്ലറവില്പന പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയർന്നു. ജൂലൈയിലെ 6.71 ശതമാനത്തിൽ നിന്നുള്ള ഉയർച്ചക്ക് പ്രധാന കാരണം ഉയർന്ന ഭക്ഷ്യ വിലയാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട രേഖകൾ പറയുന്നു. പണപ്പെരുപ്പം 2–6 ശതമാനത്തിനുള്ളിൽ നിർത്താനുള്ള ആർബിഐ നീക്കങ്ങൾ മറികടന്നാണ് തുടർച്ചയായ എട്ടാം മാസവും ഉയർച്ച രേഖപ്പെടുത്തിയത്. അതേസമയം വ്യാവസായിക വളർച്ച ജൂണിലെ 12.3 ൽ നിന്ന് ജൂലൈയിൽ 2.4 ശതമാനമായി ഇടിഞ്ഞു.
ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തിൽ നിന്ന് 7.62 ശതമാനമായി ഉയർന്നു. ഏറ്റവും കൂടുതൽ ഉയര്‍ച്ച രേഖപ്പെടുത്തിയത് സുഗന്ധവ്യഞ്ജനങ്ങൾക്കാണ്-14.9 ശതമാനം. പച്ചക്കറികൾ 13.23, ധാന്യങ്ങൾ 9.57, തയ്യാറാക്കിയ ഭക്ഷണം, ലഘുഭക്ഷണം എന്നിവയ്ക്ക് 7.75 ശതമാനം വീതം ഉയര്‍ച്ചയുണ്ടായി. അതേസമയം ഇന്ധന വിഭാഗത്തിലെ പണപ്പെരുപ്പം ജൂലൈയിലെ 11.76ൽ നിന്ന് ഓഗസ്റ്റിൽ 10.78 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ പണപ്പെരുപ്പം കേന്ദ്രം നിഷേധിക്കുന്നില്ലെന്നും ഇത് ഏഴ് ശതമാനത്തിൽ താഴെ കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണെന്നും ഓഗസ്റ്റ് രണ്ടിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേന്ദ്രത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സംസ്ഥാനങ്ങൾക്കും നിർണായക പങ്കുണ്ടെന്നുമുള്ള വിചിത്രവാദവും അവര്‍ ഉന്നയിച്ചു.
ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം കുറയ്ക്കാൻ വരും മാസങ്ങളിൽ പലിശനിരക്ക് വീണ്ടും ഉയർത്താൻ റിസർവ് ബാങ്കിനുമേൽ സമ്മർദ്ദമുണ്ടാകും. മേയ്-ഓഗസ്റ്റ് മാസങ്ങളിൽ പലിശനിരക്ക് 140 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. ഈ മാസം 30നാണ് ആർബിഐയുടെ അടുത്ത പണനയ യോഗം. റിപ്പോ നിരക്ക് മാർച്ച് അവസാനിക്കുമ്പോഴേക്ക് 60 ബേസിസ് പോയിന്റ് കൂടി ഉയർത്തുമെന്നാണ് സൂചന.
വ്യാവസായിക ഉല്പാദന സൂചിക പ്രകാരം കണക്കാക്കിയ രാജ്യത്തിന്റെ വ്യാവസായിക വളർച്ച ജൂണിലെ 12.3 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 2.4 ശതമാനമായി കുറഞ്ഞുവെന്ന് മറ്റൊരു സര്‍ക്കാര്‍ രേഖ കാണിക്കുന്നു. ജൂണിലെ 12.5 ൽ നിന്ന് ഉല്പാദനമേഖലയിലെ വളർച്ച ജൂലൈയിൽ 10.5 ശതമാനമായി കുറഞ്ഞു. ഖനന മേഖലയിലെ ഉല്പാദനം ഒരു മാസം മുമ്പ് 7.5 ശതമാനമായിരുന്നത് 3.3 ശതമാനമായി. വൈദ്യുതി ഉല്പാദനം 16.4ൽ നിന്ന് 2.3 ശതമാനമായി കുറഞ്ഞു.
English Summary: Inflation picked up again; Industrial growth slowed
You may like this video also