Site iconSite icon Janayugom Online

വിലക്കയറ്റം അതിരൂക്ഷം; ദുരിതത്തിലായത് ഗ്രാമീണര്‍

രാജ്യത്തെ ഗ്രാമീണജനത വിലക്കയറ്റത്താൽ നട്ടംതിരിയുകയാണെന്ന് ഔദ്യോഗിക കണക്കുകൾ. നഗരങ്ങളെക്കാൾ പല മടങ്ങ് രൂക്ഷമാണ് ഗ്രാമങ്ങളുടെ അവസ്ഥയെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മുഴുവനും ഈ വർഷം നവംബർ വരെയും ഗ്രാമീണ മേഖലയിൽ ദുഃസഹമാണ് വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെ വില വർധനവാണ് ഗ്രാമങ്ങളെ ബാധിച്ചത്. ധാന്യങ്ങളുടെ വിലക്കയറ്റം ഗ്രാമങ്ങളിൽ 11.05 ശതമാനവും നഗരങ്ങളിൽ 9.08 ശതമാനവുമായിരുന്നെന്ന് ഇന്ത്യാ റേറ്റിങ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് ബറോഡാ ബാങ്കിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. കനത്ത ചൂടും ജലദൗർലഭ്യവും മൂലം വരുംനാളുകളിൽ വില കൂടുതൽ ഉയരാനാണ് സാധ്യത. ഖാരിഫ് ഇനത്തിൽപ്പെട്ട വിളകളെയാണ് ഈ പ്രശ്‌നങ്ങൾ നിലവിൽ ബാധിച്ചിട്ടുള്ളതെങ്കിലും അവസ്ഥ തുടർന്നാൽ റാബി കൃഷിക്കാരും കടുത്ത ആശങ്കയിലാകും. നെല്ല്, കരിമ്പ്, പരുത്തി, എള്ള്, നിലക്കടല, ചോളം, രാഗി, സോയ, സൂര്യകാന്തി തുടങ്ങിയവയാണ് ഖാരിഫ് അഥവാ മൺസൂൺ വിളകൾ. ആപ്പിൾ, ആപ്രിക്കോട്ട്, ഓറഞ്ച്, മാതളം, അത്തിപ്പഴം മുതലായ പഴവർഗങ്ങളും പെടും. ഗോതമ്പ്, ബാർലി, കടുക്, ചെറുപയർ, പീസ്, ഓട്‌സ് തുടങ്ങിയവയാണ് റാബി വിളകളിൽപ്പെടുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഖാരിഫ്, റാബി വിളകൾ കൂടുതലായുള്ളത്. അരി, ഗോതമ്പ് എന്നിവയുടെ താങ്ങുവില ഉയർത്തിയതാണ് ഭക്ഷ്യവസ്തുക്കളുടെ വില വർധനയ്ക്ക് കാരണമായതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

കേന്ദ്രസര്‍ക്കാരും ആശങ്കയില്‍

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പയര്‍-ധാന്യവര്‍ഗങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റാബി കൃഷിയുടെ വിളവെടുപ്പ് കുറവാണെങ്കിലും ഇവയുടെ കരുതല്‍ സംഭരണമുള്ളതിനാല്‍ ജനുവരി-ഫെബ്രുവരി മാസത്തില്‍ വലിയരീതിയിലുള്ള വിലക്കയറ്റമുണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ധയായ അദിതി നായര്‍ പറഞ്ഞു. അതേസമയം പിന്നിടുണ്ടാകുന്ന വിലക്കയറ്റം വാര്‍ഷിക വിലക്കയറ്റത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടാകുന്ന വിലക്കയറ്റം ബിജെപി നേതൃത്വത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായി മാറും. എല്‍ലിനോ പ്രതിഭാസത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലെ ആര്‍ദ്രത കുറയുന്നത് ഗോതമ്പ് പോലുള്ള റാബി വിളകളെ ഗുരുതരമായി ബാധിക്കുമെന്നും അവര്‍ പറ‌ഞ്ഞു.

Eng­lish Summary;Inflation ; The vil­lagers are suffering
You may also like this video

Exit mobile version