കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസുമായി 4 സിനിമ താരങ്ങൾ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടത് അന്വേഷിക്കാൻ പൊലീസ്. സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് റിൻസിയെ വിശേഷിപ്പിക്കുന്നത്. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടവരിൽ പ്രമുഖ താരങ്ങൾ വരെയുണ്ടെന്നാണ് സൂചന. ഈ കാര്യം ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണിൽ ബന്ധപ്പെട്ടത്.
ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങൾ പൊലീസിന് മറുപടി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്.
മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതെല്ലാമാണ് റിന്‍സിയെ കുറിച്ച് പുറത്തറിയുന്നത്, എന്നാല്‍ സിനിമക്കുള്ളില്‍ സജീവമായി ലഹരി ഇടപാട് നടത്തുന്ന റിന്‍സി യുവതാരങ്ങള്‍ക്കടക്കം ഡ്രഗ് ലേഡിയാണ്. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകമെന്നാണ് പറച്ചില്‍.

