Site iconSite icon Janayugom Online

ജപ്പാനിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം; സ്കൂളുകൾ അടച്ചു, 4000ത്തിലധികം പേർ ചികിത്സയിൽ

ജപ്പാനിൽ ഇൻഫ്ലുവൻസ (പകർച്ചപ്പനി) വ്യാപകം. കേസുകൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തേ കുത്തനെ ഉയർന്നതോടെ രാജ്യം ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. രോഗവ്യാപനം തടയാനായി സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുകയാണ്. ആശുപത്രികളിൽ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയ ശരാശരിയും കടന്നാണ് രോഗവ്യാപനത്തിൻ്റെ തോതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സീസണിന്റെ തുടക്കത്തിൽ സാധാരണ കാണാത്ത ഈ വർദ്ധന ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കിയതോടെ സർക്കാർ ഇൻഫ്ലുവൻസയെ ഔദ്യോഗികമായി പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.

ഈ മാസം ആദ്യം 4,000‑ത്തിലധികം ആളുകളെ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇത് മുൻ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ്. ടോക്കിയോ, ഒക്കിനാവ, കഗോഷിമ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 135 സ്കൂളുകളും ചൈൽഡ്കെയർ സെന്ററുകളും താൽക്കാലികമായി അടച്ചു. യമഗത പ്രവിശ്യയിലെ ഒരു പ്രാഥമിക വിദ്യാലയം അടച്ചുപൂട്ടേണ്ടി വന്നു. അവിടെ 36 വിദ്യാർത്ഥികളിൽ 22 പേർക്ക് പനി ലക്ഷണങ്ങൾ കാണിച്ചത് കുട്ടികളിൽ വൈറസ് അതിവേഗം പടരുന്നു എന്നതിൻ്റെ സൂചനയാണ്. നേരത്തെയുള്ളതും തീവ്രവുമായ പകർച്ചവ്യാധി ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിലെ മാറ്റമാണ് സൂചിപ്പിക്കുന്നതെന്ന് ഹോക്കൈഡോ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ പ്രൊഫ. യോക്കോ സുകാമോട്ടോ അഭിപ്രായപ്പെട്ടു.

രോഗികളുടെ എണ്ണം വർധിച്ചതോടെ ജപ്പാനിലുടനീളമുള്ള ആശുപത്രികളിൽ കാത്തിരിപ്പ് മുറികൾ നിറയുകയും ജീവനക്കാരുടെ ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർദ്ധിപ്പിക്കണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെടുന്നു. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യോപദേശം തേടാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Exit mobile version