Site iconSite icon Janayugom Online

വിവരാവകാശ കമ്മിഷണര്‍മാരെ ഉടന്‍ നിയമിക്കണം: സുപ്രീം കോടതി

ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ ഉടനടി നികത്തണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് വിവരാവകാശ നിയമത്തെ (ആര്‍ടിഐ) ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയിമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഹിമാചല്‍പ്രദേശിലെ ഇന്‍ഫര്‍മേഷന്‍ കമ്മിഷനില്‍ ഒഴിവുള്ള എല്ലാ തസ്തികകളും രണ്ട് മാസത്തിനുള്ളില്‍ നികത്താനും നിര്‍ദേശിച്ചു. ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത നിയമന പ്രക്രിയ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഝാര്‍ഖണ്ഡിനും നിര്‍ദേശം നല്‍കി. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെ നിയമിക്കുന്നതില്‍ അലംഭാവം കാണിക്കുന്നെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രണ്ട് മാസമായി കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സിഐസി) മേധാവിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും 10 വിവരാവകാശ കമ്മിഷണര്‍ തസ്തികകളില്‍ എട്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. സിഐസിയില്‍ നിലവില്‍ 30,000 കേസുകള്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാന കമ്മിഷനുകളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്നും ചൂണ്ടിക്കാട്ടി.

ഝാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷത്തിലേറെയായി കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. ഹിമാചല്‍ പ്രദേശില്‍ നാല് മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചു. ഛത്തീസ്ഗഢില്‍ ഏകദേശം 35,000 കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെ ഒരു കമ്മിഷണര്‍ മാത്രമേയുള്ളൂ. മഹാരാഷ്ട്രയില്‍ മൂന്ന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഒരു ലക്ഷത്തോളം അപേക്ഷകളിലാണ് തീര്‍പ്പുകല്പിക്കാനുള്ളത്. തമിഴ്‌നാട്ടില്‍ ഏകദേശം 41,000 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഏഴ് കമ്മിഷണര്‍മാരെ മാത്രമാണ് അനുവദിച്ചത്.

നാല് കമ്മിഷണര്‍മാരുമായി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശില്‍ ഏകദേശം 20,000 കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സെലക്ഷന്‍ കമ്മിറ്റി യോഗം ഉടന്‍ നടക്കുമെന്നും നിയമനങ്ങള്‍ വേഗം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Exit mobile version