Site iconSite icon Janayugom Online

പാക് ഏജൻസികൾക്ക് വിവരം കൈമാറി; പതിനഞ്ചുകാരൻ അറസ്റ്റിൽ

പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് കശ്മീരില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ സാംബ സ്വദേശിയാണ് അറസ്റ്റിലായ കുട്ടി. പത്താന്‍കോട്ട് പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് ആണ്‍കുട്ടിയിലേക്ക് അന്വേഷണമെത്താന്‍ കാരണമായത്. പ്രാഥമിക അന്വേഷണത്തില്‍ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകളുമായും പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായും പങ്കിട്ടതായി കണ്ടെത്തി. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട കുട്ടിയെ തീവ്രവാദികൾ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാര്‍ക്കോ സിന്‍ഡിക്കേറ്റ് ഓപ്പറേറ്ററായ സാജിദ് ഭട്ടിയുമായും കൗമാരക്കാരന് ബന്ധമുണ്ടായിരുന്നതായി പെലീസ് കണ്ടെത്തി. 1923ലെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധി കൗമാരക്കാരെ ഐഎസ്ഐ വലയിലാക്കിയതായും രഹസ്യന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. 

ഒരു വര്‍ഷത്തോളമായി കുട്ടി ഐഎസ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ജമ്മു കശ്‌മീരിൽ താമസിച്ചിരുന്ന കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടു എന്ന് പറഞ്ഞ് വൈകാരികമായി ചൂഷണം ചെയ്താണ് വിവരങ്ങൾ ശേഖരിച്ചതെന്നും പത്താൻകോട്ട് സീനിയർ പൊലീസ് സൂപ്രണ്ട് ദിൽജിന്ദർ സിംഗ് ധില്ലൺ പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളിലായി കൗമാരക്കാരുടെ ഒരു ശൃംഖല തന്നെ ഇക്കൂട്ടര്‍ ഒരുക്കിയതായാണ് പൊലീസ് പറയുന്നത്. കൗമാരക്കാരനിലേക്ക് അന്വേഷണം എത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പഞ്ചാബ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ചോര്‍ത്തി നല്‍കിയെന്ന് കരുതുന്ന വിവരങ്ങളുടെ ആധികാരിത പൊലീസ് പരിശോധിച്ച് വരികയാണ്. 

Exit mobile version