കേന്ദ്ര സർക്കാർ ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പകുതിയിലധികവും നിശ്ചലാവസ്ഥയിൽ. ഇതുകാരണം പദ്ധതി ചെലവിനത്തിൽ 3.19 ലക്ഷം കോടി രൂപയുടെ അധികച്ചെലവുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിങ് രാജ്യസഭയിൽ പറഞ്ഞു. സ്ഥിതിവിവരക്കണക്കും പദ്ധതി നിർവഹണവും വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, മൊത്തം 1,438 അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ 835 എണ്ണം നിലവിൽ വൈകുകയോ നിശ്ചലാവസ്ഥയിലാവുകയോ ചെയ്തിരിക്കുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി അറിയിച്ചു. കാലതാമസം നേരിടുന്ന 835 പദ്ധതികളുടെ മൊത്തം പ്രതീക്ഷിത ചെലവ് 14.07 ലക്ഷം കോടി രൂപയാണ്. യഥാർത്ഥ ചെലവ് 10.88 ലക്ഷം കോടി രൂപയായിരുന്നു കണക്കാക്കിയത്.
ഏറ്റവുമധികം കാലതാമസമുണ്ടായ പദ്ധതികൾ ദേശീയപാത, മറ്റ് റോഡ് നിർമാണ പ്രവർത്തനങ്ങളാണ്. 724 ൽ 428 റോഡ് പദ്ധതികളാണ് തടസപ്പെടുകയോ വൈകുകയോ ചെയ്തിട്ടുള്ളത്. അതേസമയം റെയിൽവേ വികസന പ്രവർത്തനങ്ങളിലാണ് കാലതാമസം കാരണം ചെലവിൽ വൻ വർധനയുണ്ടായത്. 173 പദ്ധതികളിൽ 117 എണ്ണമാണ് വൈകിയത്. 1.7 ലക്ഷം കോടി രൂപ കണക്കാക്കിയ 117 പദ്ധതികൾക്ക് കാലതാമസം നേരിട്ടതോടെ പ്രതീക്ഷിക്കുന്ന ചെലവ് 3.16 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് മന്ത്രിയുടെ മറുപടി.
നഗര വികസന രംഗത്ത് 25ല്‍ 15, ജലവിഭവം 41ല്‍ 27, വ്യോമയാന മന്ത്രാലയത്തിനു കീഴില്‍ 26ല്‍ 24, ഖനന മേഖലയില്‍ 122ല്‍ 36, ഉന്നത വിദ്യാഭ്യാസ രംഗത്ത് 20ല്‍ 14, ഊര്‍ജ രംഗത്ത് 80ല്‍ 55 വീതം പദ്ധതികളാണ് കാലതാമസം നേരിടുന്നത്. ഖനനരംഗത്ത് ഏഴ്, ടെലി കമ്മ്യൂണിക്കേഷന്‍ മൂന്ന്, പ്രതിരോധ ഉല്പാദനം ഒന്ന്, ആഭ്യന്തര മന്ത്രാലയം ഒന്ന് എന്നീ പദ്ധതികള്‍ പൂര്‍ണമായും അനിശ്ചിതാവസ്ഥയിലാണെന്നും മറുപടി വിശദീകരിക്കുന്നു. 150 കോടിയോ അതിനു മുകളിലോ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നവയുടെ വിവരങ്ങളാണ് സ്ഥിതി വിവരക്കണക്കും പദ്ധതി നിർവഹണവും മന്ത്രാലയം ഓൺലൈൻ വഴി നിരീക്ഷിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടിയിലുള്ളത്. അതിനർത്ഥം 150 കോടിയിൽ താഴെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളുടെ കാലതാമസം കണക്കിൽപെടുന്നില്ലെന്നാണ്. അതുകൂടി ചേരുമ്പോൾ യഥാർത്ഥ കണക്ക് ഇതിലും അധികമായിരിക്കും.