Site icon Janayugom Online

എല്‍ഐസി വില്പനയ്ക്കായി കേന്ദ്രം പ്രാരംഭ നടപടികള്‍ തുടങ്ങി

LIC

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ നടപടിക്ക് കളമൊരുങ്ങി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതുസംബന്ധിച്ച രേഖകള്‍ സെക്യുരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ക്ക് കൈമാറിയതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വിറ്ററില്‍ അറിയിച്ചു.

100 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന എല്‍ഐസിയുടെ അഞ്ച് ശതമാനം, അതായത് 31.6 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതിലൂടെ 5.39 ലക്ഷം കോടി രൂപയുടെ സമാഹരണം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ എക്കാലത്തേയും വലിയ ഓഹരി വില്പനയാണ് എല്‍ഐസിയുടേത്. വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള നീക്കം നടത്തിവരികയാണ്. ഈ മാസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലും എല്‍ഐസി വില്പന ഉള്‍പ്പെട്ടിരുന്നു. വില്പനനീക്കം എൽഐസിയിലെ ജീവനക്കാരിൽ നിന്നും സാമ്പത്തിക വിദഗ്ധരിൽ നിന്നും എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിര്‍പ്പ് നേരിടുന്നുണ്ട്.

ഐപിഒയുടെ അമ്പത് ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 15 ശതമാനം മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 35 ശതമാനം പൊതുവിപണിയിലേക്കും നല്‍കിയിട്ടുണ്ട്. പൊതു വില്പനയില്‍ എല്‍ഐസിയുടെ ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും മുന്‍ഗണന ലഭിക്കും. പോളിസി ഉടമകള്‍ക്ക് ഡിസ്ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ വാങ്ങാനും കഴിയും.

കെ-ഫിന്‍ ടെക്നോളജീസിനാണ് ഓഹരിവില്പനയുടെ ചുമതല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. സാധാരണ രീതിയില്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി നല്‍കിയേക്കാം. ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ മാര്‍ച്ച് 31ന് ഉള്ളില്‍ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

വിപണിമൂല്യം 44 ലക്ഷം കോടി

44 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് 1888 ല്‍ സ്ഥാപിച്ച എല്‍ഐസിക്ക് കണക്കാക്കപ്പെടുന്നത്. എട്ട് സോണല്‍ ഓഫീസുകളും 113 ഡിവിഷണല്‍ ഓഫിസുകളും 2048 ബ്രാഞ്ചുകളുമുള്ള എല്‍ഐസിയില്‍ രാജ്യത്താകമാനമായി 11.48 ലക്ഷം ഏജന്റുമാര്‍ ജോലിയെടുക്കുന്നുണ്ട്. 29 കോടി പോളിസി ഉടമകളില്‍ നിന്നായി 34.3 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് എല്‍ഐസിയിലുള്ളത്. വിവിധ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥാവകാശം 75 ശതമാനമായി ചുരുങ്ങും.

വിനാശകരമായ നയം: സാമ്പത്തിക വിദഗ്ധര്‍

വൻ കടബാധ്യതയിൽ തകർച്ചയിലേക്ക് നീങ്ങുന്ന സ്വകാര്യ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ‑ഐഡിയയുടെ നഷ്ടം ഏറ്റെടുക്കുന്ന മോഡി സർക്കാർ വിലയേറിയ പൊതുമേഖലയെ സ്വകാര്യവല്ക്കരിക്കാൻ വ്യഗ്രത കാണിക്കുന്നത് വിചിത്രം. എൽഐസിയുടെ ഐപിഒ പ്രഖ്യാപനം എന്തായാലും വില്ക്കുക എന്ന വിനാശകരമായ നയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാർലമെന്റിനോട് എൽഐസിക്ക് ഉത്തരവാദിത്തമുണ്ട്. പോളിസി ഉടമകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ എൽഐസിക്ക് കുറ്റമറ്റ റെക്കോർഡുമുണ്ട്. സർക്കാരിന്റെ ഏറ്റവും വിലപിടിപ്പുള്ള നിധി വില്ക്കുക എന്നത് ഒരു പരിഹാസ്യമായ ആശയമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സമ്പന്നർക്കും അതിസമ്പന്നർക്കും സമ്പത്തിനുമേൽ അധികനികുതി ഉൾപ്പെടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് മറ്റ് വഴികളുണ്ട്. അത് ചെയ്യാതെ, രാജ്യത്തിന്റെ വൻ സാമ്പത്തികശക്തിയായ സ്ഥാപനത്തെ സ്വകാര്യവല്ക്കരിക്കാനാണ് ശ്രമമെന്നും വിദഗ്ധര്‍ പറയുന്നു.

Eng­lish Sum­ma­ry: Ini­tial steps start­ed: LIC sale

You may like this video also

Exit mobile version