Site icon Janayugom Online

ഐഎൻഎൽ: വഹാബ് വിഭാഗം പേരും കൊടിയും ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

പ്രൊഫ. എ പി അബ്ദുൽവഹാബ് സംസ്ഥാന പ്രസിഡന്റായുള്ള വിഭാഗം ഐഎൻഎല്ലിന്റെ പേരും പതാകയും ഉപയോഗിക്കുന്നത് കോടതി തടഞ്ഞു. ഐഎൻഎൽ ദേശീയ നേതൃത്വത്തിന് വേണ്ടി ബി ഹംസ ഹാജി നൽകിയ ഹരജിയിലാണ് കോഴിക്കോട് മൂന്നാം അഡീഷനൽ സബ് കോടതി ജഡ്ജി ലീന റഷീദിന്റെ ഇടക്കാല ഉത്തരവ്. വഹാബ് വിഭാഗം പാർട്ടിയുടെ പേരിൽ യോഗങ്ങളോ സമ്മേളനങ്ങളോ വിളിച്ചുചേർക്കരുതെന്നും പാർട്ടിയുടെ ഭാരവാഹികളായോ അംഗങ്ങളായോ പെരുമാറരുതെന്നും ചൂണ്ടിക്കാണിച്ചാണ് ഔദ്യോഗിക വിഭാഗം ഹരജി നൽകിയത്. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജന. സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ ഉൾപ്പെടെ 33 മുതിർന്ന നേതാക്കൾ കേസിൽ കക്ഷി ചേർന്നിരുന്നു. ഐഎൻഎൽ ദേശീയ നേതൃത്വത്തിന് വേണ്ടി അഡ്വ. മുനീർ അഹമ്മദ്, അഡ്വ. മുദ്ദസർ അഹമ്മദ് എന്നിവരും സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഡ്വ. പി സി സതീഷും ഹാജരായി.
നീതിയുടെയും സത്യത്തിന്റെയും വിജയമാണ് കോടതി ഉത്തരവെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ദേശീയ നേതൃത്വത്തെ ധിക്കരിക്കാനും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും ഗിമ്മിക്കുകൾ കാട്ടി ഐഎൻഎല്ലിന്റെ ബാനറിൽ പ്രത്യക്ഷപ്പെടാനുമുള്ള മുൻ പ്രസിഡന്റിന്റെയും കൂട്ടരുടെയും വൃത്തികെട്ട കളികളാണ് ഇതോടെ പരാജയപ്പെട്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
അതേസമയം, നീതിയും ന്യായവും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് പ്രൊഫ. എ പി അബ്ദുൽവഹാബ് അറിയിച്ചു. കീഴ്ക്കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കും. അന്തിമ വിജയം സത്യത്തിന്റെ പക്ഷത്താകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: INL: Court blocks use of Wah­hab sect name and flag

You may like this video also

Exit mobile version