നരേന്ദ്രമോഡിയുടെ മുന്‍ഗാമി അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം ഒരുപക്ഷേ, രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മികച്ചസ്ഥാപനങ്ങള്‍ വിറ്റഴിച്ചതായിരിക്കും. 1998 നും 2004 നുമിടയില്‍ മൂന്ന് തവണയായി 73 മാസവും 13 ദിവസവുമാണ് വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്. ഭരണത്തിന്റെ അവസാന അഞ്ച് വര്‍ഷങ്ങളില്‍ മാത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 10 സംരംഭങ്ങളും ഒരു സംയുക്തസ്ഥാപനവും വിറ്റുതുലച്ചു. അതേസമയം അക്കാലത്ത് സര്‍ക്കാരിനെ ഗൗരവമായി ചോദ്യം ചെയ്തവരും ചുരുക്കം. എന്നാലിപ്പോള്‍ വാജ്‌പേയ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് കുറഞ്ഞവിലയ്ക്ക് വിറ്റതില്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നു.
2002 ല്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ 26 ശതമാനം സര്‍ക്കാര്‍ ഓഹരി 445 കോടിക്ക് അനില്‍ അഗര്‍വാളിന്റെ സ്റ്റെര്‍ലൈറ്റിന് വിറ്റ നടപടിയാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഓഹരി 32.15 രൂപക്ക് വിറ്റുവെന്ന ആരോപണമാണ് അന്വേഷിക്കേണ്ടത്. കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണത്തിന്റെ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. 2006ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുസ്ഥാന്‍ സിങ്ക് വില്പന സമഗ്രമായി അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. കമ്പനിയിലെ സര്‍ക്കാര്‍ ഓഹരിയില്‍ 26 ശതമാനം വിറ്റതില്‍ ക്രമക്കേടുകള്‍ രേഖപ്പെടുത്തിയിട്ടും പ്രാഥമിക അന്വേഷണം സിബിഐ അവസാനിപ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഹരി വില്പന, സ്റ്റെര്‍ലൈറ്റിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധിക ഓഹരികള്‍ സ്വന്തമാക്കാന്‍ സഹായിച്ചു. സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങിയ 2002 ല്‍ തന്നെ വിപണിയില്‍ നിന്ന് 20 ശതമാനം കൂടി സ്റ്റെര്‍ലൈറ്റ് സ്വന്തമാക്കി. അടുത്ത വര്‍ഷം 18.9 ശതമാനം കൂടി വാങ്ങിയ സ്റ്റെര്‍ലൈറ്റ് ഭൂരിപക്ഷ ഓഹരി ഉടമയായി. സിഎജി ചൂണ്ടിക്കാട്ടിയ അഴിമതികളെക്കുറിച്ച് 2013 നവംബറില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെളിവുകളില്ലെന്നു കാണിച്ച് 2017 മാര്‍ച്ചില്‍ കേസ് അവസാനിപ്പിച്ചതായി 2020 ല്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രാഥമിക അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിച്ചതു ചൂണ്ടിക്കാട്ടിയാണ് കോടതിമേല്‍നോട്ടത്തില്‍ അന്വേഷിക്കാനുള്ള പുതിയ ഉത്തരവ്. ഈ കേസിലെ സിബിഐയുടെ കണ്ടെത്തലുകളെ ആശ്രയിച്ച്, ഇന്ത്യന്‍ പെട്രോകെമിക്കല്‍സ്, ഭാരത് അലൂമിനിയം തുടങ്ങി വാജ്‌പേയിയുടെ കാലത്തെ ആസ്തി വില്പനയെക്കുറിച്ചും സമാനമായ അന്വേഷണത്തിന് ഭാവിയില്‍ സാധ്യതയുണ്ട്. ഹിന്ദുസ്ഥാന്‍ സിങ്ക് വില്പന കേസില്‍ സുപ്രീം കോടതി ഉത്തരവ്, ഗത്യന്തരമില്ലാതെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം, ഏഴ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നിവ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന മന്ദഗതിയിലാക്കാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്ന് വിദദ്ധര്‍ വിലയിരുത്തുന്നു.
ഇതുകൂടി വായിക്കാം; സാമൂഹ്യ സന്തുലനം തെറ്റിക്കുന്ന പൊതുമേഖലാ വില്പന
വാജ്‌പേയി ഭരണത്തില്‍ ഒരു ഡസനോളം പൊതുമേഖലാ സ്ഥാപനങ്ങളും മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭവുമാണ് വിറ്റത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലയ്ക്കുകയാണ് മോഡി സര്‍ക്കാര്‍. ഏറ്റവുമൊടുവില്‍ രാജ്യത്തിന്റെ അഭിമാനമായ എയര്‍ ഇന്ത്യയെ ടാറ്റക്ക് വിറ്റു. ഈ ഇടപാട് സംശയാസ്പദമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടാറ്റയെ കൂടാതെ സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മാത്രമാണ് എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുത്തത്. കേവലം 18,000 കോടി രൂപക്കാണ് 140 ലധികം വിമാനങ്ങളും വിദേശ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ 1900 സ്ലോട്ടുകളുമുള്ള എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് രണ്ട് ഡസനിലധികം കൂറ്റന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും വില്ക്കാകാനാണ് മോഡി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. വിശാഖപട്ടണം, ദുര്‍ഗാപൂര്‍, സേലം സ്റ്റീല്‍ പ്ലാന്റുകള്‍, എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഹിന്ദുസ്ഥാന്‍ സിങ്ക് വില്പന കേസിലെ പുതിയ സുപ്രീം കോടതി ഉത്തരവ്, നിര്‍ദ്ദിഷ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന താത്കാലികമായെങ്കിലും നിര്‍ത്തി വയ്ക്കാന്‍ മോഡിയെ പ്രേരിപ്പിക്കാനിടയുണ്ട്. വിസാഗ് സ്റ്റീലിന്റെ വില്പന ഇതിനകം തന്നെ കമ്പനി ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പിന് വിധേയമായിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കുകള്‍ വില്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമവും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പ് നേരിടുന്നു. 2020–21 കാലയളവില്‍ സമ്പദ്വ്യവസ്ഥയെ മുഴുവന്‍ തകര്‍ത്ത കോവിഡ് മഹാമാരി കാരണം മിക്ക ഇന്ത്യന്‍ സ്ഥാപനങ്ങളും സാമ്പത്തികമായി ഞെരുക്കത്തിലാണ്. കോവിഡാനന്തരം വ്യാപാര മേഖലയുടെ വീണ്ടെടുപ്പിനെ പെട്രോള്‍-ഡീസല്‍ വിലയിലെ വര്‍ധന തകര്‍ത്തു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം ഒക്ടോബറില്‍ 12.54 ശതമാനമായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയ്ക്ക് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കാന്‍ സാധ്യതയുമില്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ ആറെണ്ണവും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവയില്‍ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിയുടെ രാഷ്ട്രീയഭാവി അത്ര ശോഭനമല്ല. മറ്റൊരു സംസ്ഥാനമായ പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍, ഉയര്‍ന്ന മൂല്യമുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ വിദേശകുത്തകകള്‍ക്കോ ??പ്രാദേശിക കുത്തകകള്‍ക്കോ നിസാര വിലയ്ക്ക് വിറ്റു തുലയ്ക്കാന്‍ മോഡി സര്‍ക്കാര്‍ തിടുക്കം കാട്ടാന്‍ സാധ്യതയില്ല. ഫണ്ടിനായി ഈ സംരംഭങ്ങളില്‍ ചിലതിന്റെ മിച്ചഭൂമി വില്‍ക്കാനോ മറ്റുരീതിയില്‍ ധനസമ്പാദനം നടത്താനോ ആയിരിക്കും ശ്രമിക്കുക.
(ഇന്ത്യ പ്രസ് ഏജന്‍സി)