Site iconSite icon Janayugom Online

ആമസോണിനും ഫ്ളിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം

ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിനെതിരെയും ഫ്ലിപ്കാര്‍ട്ടിനെതിരെയും കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണം. ഇ കൊമേഴ്സ് സൈറ്റുകളുടെ ആഭ്യന്തര വില്പനക്കാരുടെ ഓഫീസുകളില്‍ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു.
കോംപറ്റീഷന്‍ നിയമ ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി ആമസോണിന്റെ ക്ലൗഡ്ടെയില്‍, അപ്പാരിയോ സ്ഥാപനങ്ങളിലാണ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പരിശോധന നടത്തിയത്. ന്യൂഡല്‍ഹിയിലെയും ബംഗളുരുവിലെയും സ്ഥാപനങ്ങങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡുകൾ സംബന്ധിച്ച റിപ്പോർട്ടുകളോട് ആമസോണും ഫ്ലിപ്കാർട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വെബ്‌സൈറ്റുകളിൽ തിരഞ്ഞെടുത്ത വില്പനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചില വില്പനക്കാരുടെ ലിസ്റ്റിങ്ങുകൾക്ക് മുൻഗണന നൽകുകയും ചെയ്തുവെന്നാണ് കമ്പനികള്‍ക്കെതിരെയുള്ള ആരോപണം. ചില വില്പനകാര്‍ക്ക് ആമസോണ്‍ ഫീസ് ഇളവ് നല്‍കിയെന്നും വന്‍കിട ഐടി സ്ഥാപനങ്ങളുമായി പ്രത്യേക ഇടപാടുകൾ നടത്താൻ ക്ലൗഡ്ടെയിലിനെ സഹായിക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

റെയ്ഡിനെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അഭിനന്ദിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി, ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും തെറ്റായ കീഴ്‌വഴക്കങ്ങൾക്കെതിരെ സിഎഐടി ശക്തമായ എതിര്‍പ്പുകള്‍ ഉന്നയിക്കുകയും സിസിഐയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ വൈകിക്കുന്നത് ചൂണ്ടിക്കാട്ടി നിരവധി കോടതികളിലും നിയമപോരാട്ടം നടന്നുവരികയാണ്. 

Eng­lish Summary:Inquiry against Ama­zon and Flipkart
You may also like this video

Exit mobile version