ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്കെതിരെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം പ്രഖ്യാപിച്ചു. വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് ‘കൃത്രിമമായ സീറ്റ് ക്ഷാമം’ സൃഷ്ടിച്ചുവെന്ന പരാതിയിലാണ് നടപടി. ഡിസംബറിലെ യാത്രാ ക്ലേശങ്ങൾക്കിടയിൽ കമ്പനി ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത് വഴി വിപണിയിൽ സേവനങ്ങൾ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം 2,507 വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം ഏകദേശം മൂന്നു ലക്ഷത്തിലധികം യാത്രക്കാരെ നേരിട്ട് ബാധിച്ചു. തിരക്കേറിയ സമയത്ത് ഇത്രയധികം സർവീസുകൾ റദ്ദാക്കിയത് വഴി വിപണിയിൽ സീറ്റുകൾക്ക് ക്ഷാമമുണ്ടാക്കാനും സേവനം നിഷേധിക്കപ്പെടാനും കാരണമായെന്ന് സിസിഐ ഉത്തരവിൽ വ്യക്തമാക്കുന്നു.
സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാന നിരക്കില്‍ അമിതമായ വര്‍ധനയാണ് ഉണ്ടായത്. സേവനങ്ങൾ മനഃപൂർവ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് പരിശോധിക്കുക. ഇന്ത്യൻ ആഭ്യന്തര വിമാന സർവീസ് വിപണിയുടെ 60–61 % വിഹിതവും ഇൻഡിഗോയുടെ നിയന്ത്രണത്തിലാണ്. ഇത്രയും വലിയ വിപണി സ്വാധീനം ഉള്ളതിനാൽ മറ്റ് വിമാന കമ്പനികളുമായുളള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇൻഡിഗോക്ക് സാധിക്കുന്നുണ്ടെന്ന് സിസിഐ നിരീക്ഷിച്ചു.

