ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ നിയമപ്രകാരം മുന്നോട്ടു പോകാൻ പൊലീസ് ബാധ്യസ്ഥരാണ് എന്നും കോടതി. റിപ്പോർട്ടിന്മേലുള്ള അന്വേഷണം ചോദ്യം ചെയ്തു നിർമ്മാതാവ് സജിമോൻ പാറയിലും അണിയറ പ്രവർത്തകരും നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികളും ഇരകളും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ നിയമപ്രകാരമുള്ള അന്വേഷണവുമായി മുന്നോട്ടു പോകാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വിക്രം നാഥ് സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശത്തെ ചോദ്യം ചെയ്ത ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലും രണ്ട് അഭിനേതാക്കളും സമർപ്പിച്ച പ്രത്യേക ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നിയമാനുസൃതമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥരെ തടയാൻ ആകില്ലെന്നും കോടതി ഉത്തരവിട്ടു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്കും എസ്ഐടി ഉപദ്രവിക്കുന്നതുമായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

