Site icon Janayugom Online

ഐഎന്‍എസ് വിക്രാന്തിന്റെ കൊച്ചി കപ്പൽശാല ഇന്ത്യൻ  നാവിക സേനയ്ക്ക് കൈമാറി

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത്കൊച്ചികപ്പൽശാല ഇന്ത്യൻ  നാവിക സേനയ്ക്ക് കൈമാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കപ്പൽശാല  ചെയർമാൻ  മധു എസ് നായർ, ഐഎൻഎസ് വിക്രാന്തിന്റെ  നിയുക്ത കമാൻഡിങ് ഓഫീസർ വിദ്യാധാർ ഹാർക്കെയും ചേർന്ന് കൈമാറ്റ കരാർ ഒപ്പുവച്ചു. കഴിഞ്ഞ നാല്  സമുദ്ര പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനവാഹിനി ഏതാനും ദിവസങ്ങൾക്ക് മുൻപാണ്  കൊച്ചിയിൽ മടങ്ങിയെത്തിയത്. 10 ദിവസത്തിലേറെ വിവിധ പരീക്ഷണങ്ങൾ   കടലില്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു . കമ്മിഷനിങ്ങിനു മുന്‍പു ചെയ്തു തീര്‍ക്കേണ്ട ജോലികളില്‍ മുഴുവൻ  പൂര്‍ത്തികരിച്ചാണ് കൈമാറ്റം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി  ഓഗസ്റ്റ് ആദ്യ വാരമോ രണ്ടാം വാരമോ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി വിമാനവാഹിനി നാടിനു സമര്‍പ്പിക്കും. നിലവില്‍ ഇന്‍ഡിജിനസ് എയര്‍ക്രാഫ്റ്റ് കാരിയര്‍ (ഐഎസി1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷന്‍ ചെയ്യുന്നതോടെ ഔദ്യോഗിക രേഖകളിലും ഐഎന്‍എസ് വിക്രാന്ത് എന്ന പേരിലാകും അറിയപ്പെടുക.

കപ്പല്‍ കമ്മിഷന്‍ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും പറന്നുയര്‍ന്നുമുള്ള പരീക്ഷണങ്ങള്‍ നടക്കുക. ഫൈറ്റര്‍ പ്ലെയിന്‍ സ്‌ക്വാഡ്രന്‍ ഗോവയില്‍ ആയതിനാല്‍ ഈ പരീക്ഷണങ്ങള്‍ക്കായി കപ്പല്‍ ഗോവയിലേക്കു കൊണ്ടുപോകാനും സാധ്യതയുണ്ട്. കപ്പലിലിറങ്ങുന്ന വിമാനങ്ങളുടെ വേഗം കുറയ്ക്കാനുള്ള അറസ്റ്റിങ് ഗിയര്‍ ഉള്‍പ്പെടെയുള്ളവ മൂന്നാം ഘട്ട പരീക്ഷണ സമയത്തു പരിശോധിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇറക്കിയുള്ള പരീക്ഷണം ആദ്യ ഘട്ടത്തില്‍ത്തന്നെ പൂര്‍ത്തിയായി.

രാജ്യത്തു നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ യുദ്ധക്കപ്പലാണു വിക്രാന്ത്. രണ്ടു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പത്തിൽ ഒ ഴുകുന്ന നഗരം. ഒറ്റവാക്കിൽ  വിക്രാന്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം .  കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിനു മാത്രം രണ്ടു ഫുട്‌ബോള്‍ ഗ്രൗണ്ടിനു തുല്യമായ വലുപ്പം. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവും കപ്പലിനുണ്ട്. 15 ഡെക്കുകളാണു കപ്പലില്‍. 45 ‚000 ടണ്‍ ആണു ഭാരവാഹക ശേഷി. 1700 പേരുള്ള വരുന്ന ക്രൂവിനായി രൂപകല്‍പന ചെയ്ത കംപാര്‍ട്‌മെന്റുകളില്‍ വനിതാ ഓഫിസര്‍മാര്‍ക്കു വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 10 ഹെലികോപ്റ്ററുകളെയും 20 യുദ്ധവിമാനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ്. മൂന്ന് റണ്‍വേകളുണ്ട്.

2009 ഫെബ്രവരിയില്‍ കീലിട്ട കപ്പല്‍ 2018ല്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മ്മാണം നീളുകയായിരുന്നു. 2013ലായിരുന്നു നീറ്റിലിറക്കിയത്. 2002ലാണു വിമാന വാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം കപ്പലിന്റെ ബേസിന്‍ ട്രയല്‍ നടത്തിയിരുന്നു. കടല്‍ പരീക്ഷണത്തിനുമുന്നോടിയായി കപ്പല്‍ ഓടിച്ചുകൊണ്ട, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണമാണ് അന്ന് കപ്പല്‍നിര്‍മ്മാണശാലയോട് ചേര്‍ന്ന് നടത്തിയത്.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ മൈല്‍ വേഗതയും 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്. കപ്പല്‍ നിര്‍മ്മാണത്തിന് 20,000 ടണ്‍ ഉരുക്കാണ് ആവശ്യമായി വന്നത്. ഇതു മുഴുവനായും ഇന്ത്യയിലാണ് ഉല്‍പ്പാദിപ്പിച്ചത്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിര്‍മ്മിച്ചതും തദ്ദേശീയമായി തന്നെ.

ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡ് (ബിഎച്ച്‌ഇഎല്‍) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത്. 14 ഡക്കുകളാണ് കപ്പലിനുള്ളത്. ഇവയിലായി ഫ്‌ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പര്‍ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒന്‍പതും ഡെക്കുകള്‍. വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ആണ് ഒരു ഡെക്ക്. ഇതില്‍ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറില്‍നിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങള്‍ ഫ്‌ളെറ്റ് ഡെക്കിലെത്തിക്കുക. മൊത്തം ഡെക്കുകളിലായി 2300 കമ്ബാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇവ കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റര്‍ കേബിള്‍. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് 1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തതിലൂടെ ഇന്ത്യന്‍ നാവിക ചരിത്രത്തില്‍ ഗംഭീര ഏടാണ് എഴുതിച്ചേര്‍ത്തത്. 1957ല്‍ ബ്രിട്ടനില്‍നിന്നു വാങ്ങിയ എച്ച്‌എംഎസ് ഹെര്‍ക്കുലിസ് എന്ന വിമാന വാഹിനിക്കപ്പല്‍ 1961ലാണ് ഐഎന്‍എസ് വിക്രാന്ത് എന്ന പേരില്‍ കമ്മിഷന്‍ ചെയ്തത്. 1997 ജനുവരി 31നു ഡീകമ്മിഷന്‍ ചെയ്തു.

2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ 2014ല്‍ ലേലത്തില്‍ വിറ്റു. തുടര്‍ന്ന് സുപ്രീം കോടതി അനുമതി നല്‍കിയതോടെ പൊളിക്കുകയായിരുന്നു. ഈ കപ്പലിനു പകരമായാണ് ഐഎസി 1 വരുന്നത്. 210 മീറ്റര്‍ നീളവും 39 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പഴയ ഐഎന്‍എസ് വിക്രാന്തിന് 25 നോട്ടിക്കല്‍ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട 21–23 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായിരുന്ന എച്ച്‌എംഎസ് ഹെര്‍മസ് വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിരാട് ആയി ഇന്ത്യന്‍ സേനയില്‍ അവതരിച്ചത്. 1959ല്‍ നിര്‍മ്മിച്ച കപ്പല്‍ 1984ല്‍ ബ്രിട്ടന്‍ ഡികമ്മിഷന്‍ ചെയ്ത്, 1987ല്‍ ഇന്ത്യയ്ക്കു വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 30 വര്‍ഷത്തോളം ഐഎന്‍എസ് വിരാടായി ഇന്ത്യന്‍ സേനയുടെ ഭാഗമായ കപ്പലിന്റ അവസാന യാത്ര 2016 ജൂലൈ 23ന് മുംബൈയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു.

2017 മാര്‍ച്ച്‌ ആറിന് ഡീകമ്മിഷന്‍ ചെയ്തു. തുടര്‍ന്ന് വിറ്റ കപ്പല്‍ പൊളിക്കാന്‍ ഈ വര്‍ഷം ഏപ്രില്‍ 12നു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. 226.5 മീറ്റര്‍ നീളമുണ്ടായിരുന്ന കപ്പലിന് 48.78 മീറ്റര്‍ വീതിയാണുണ്ടായിരുന്നത്. 28 നോട്ടിക്കല്‍ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട 26 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. നിലവില്‍ സേവനത്തിലുള്ള ഐഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍നിന്നു വാങ്ങിയതാണ്. 1987ല്‍ നിര്‍മ്മിച്ച കപ്പല്‍ അഡ്‌മിറല്‍ ഗോര്‍ഷ്‌കോവ് എന്ന പേരില്‍ 1996 വരെ റഷ്യന്‍ സേനയുടെ ഭാഗമായിരുന്നു ഈ കപ്പല്‍. 2004ലാണ് കപ്പല്‍ ഇന്ത്യ വാങ്ങുന്നത്. 2013 നവംബര്‍ 13നു കമ്മിഷന്‍ ചെയ്ത കപ്പല്‍ 2014 ജൂണ്‍ 14നാണ് ഐഎന്‍എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായത്. 284 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിന് 22 ഡക്കാണുള്ളത്. 30 നോട്ടിക്കല്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന കപ്പലിന് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ 36 വിമാനങ്ങളെ വഹിക്കാനാവും.

Eng­lish summary;INS Vikran­t’s Kochi Ship­yard has been hand­ed over to the Indi­an Navy

You may also like this video;

Exit mobile version