ചൂട് കനത്തതോടെ ശീതളപാനീയങ്ങളുടെ ഗുണനിലവാര പരിശോധന സംസ്ഥാനത്ത് ശക്തമാക്കി. പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപതിലധികം പുതിയ ശീതളപാനീയ കമ്പനികളാണ് ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങിയത്. ഇവയ്ക്കൊപ്പം വഴിയോരങ്ങളിലും നൂറുകണക്കിന് വില്പന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശീതള പാനീയങ്ങൾ വിൽക്കുന്ന കടകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടരുന്നത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെള്ളമെന്ന് കരുതി വിദ്യാർത്ഥി ആസിഡ് കുടിച്ച സംഭവത്തെ തുടർന്നാണ് മലപ്പുറം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഒരേസമയം പരിശോധന തുടങ്ങിയത്. പാലക്കാട് ജില്ലയിലെ കൂൾബാറുകൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെ 110 കേന്ദ്രങ്ങളിൽ രണ്ടുദിവസം കൊണ്ട് പരിശോധന നടന്നു കഴിഞ്ഞു. പലയിടത്തും ഗുണമേന്മ കുറഞ്ഞ വെള്ളവും ഐസും കണ്ടെടുക്കുകയും നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൂന്നു സ്ക്വാഡുകൾക്ക് പുറമെ നഗരസഭ-പഞ്ചായത്ത് കേന്ദ്രങ്ങളിലെ ജീവനക്കാരോടും പരിശോധന നടത്തണമെന്ന് അധികൃതര്‍ നിർദേശം നൽകിയതിനെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർക്കാട് മേഖലകളിലും പരിശോധന ഇന്ന് മുതൽ ആരംഭിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡിൽ മൂന്ന് ഉദ്യോഗസ്ഥരാണുള്ളത്. രാവിലെ പത്തിന് തുടങ്ങുന്ന പരിശോധന വൈകിട്ട് നാലുവരെ തുടരും. മിന്നൽ പരിശോധനയുമുണ്ടാകും. വെള്ളം, പാൽ, ഭക്ഷണ പദാർത്ഥങ്ങൾ, പായ്ക്കറ്റ് ഉല്പന്നങ്ങള്‍ എന്നിവ കൂടാതെ ഹോട്ടലുകളിലെ അടുക്കളയും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്എസ്എസ്എഐയുടെ ഓൺലൈൻ സൗകര്യം വിനിയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
http//foscos.fssai.gov.in സൈറ്റില്‍ നേരിട്ടോ കോമൺ സർവീസ് സെന്ററുകൾ, അക്ഷയകേന്ദ്രങ്ങൾ വഴിയോ ഭക്ഷ്യസംരംഭകർക്കും വിതരണ‑വില്പന രംഗത്ത് പ്രവർത്തിക്കുന്നവർക്കും ലൈസൻസ് എടുക്കാമെന്നും ലൈസൻസില്ലാതെ വഴിയോര കച്ചവടം അടുത്ത ആഴ്ച മുതൽ വിലക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
വർഷം 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്കും പ്രതിദിന ഉല്പാദനക്ഷമത നൂറു കിലോഗ്രാമിൽ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്പാദകർക്കും രജിസ്ട്രേഷൻ എടുക്കാം. ഒരു വർഷം 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. തട്ടുകടകൾ, വഴിയോര കച്ചവടക്കാർ, വീടുകളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നവർ എന്നിവരും രജിസ്ട്രേഷൻ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ foodsafetykerala@gmail.com എന്ന ഇ മെയിലിലും വിവരം നല്‍കാവുന്നതാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
English Summary: Inspection at cold drinks outlet
You may like this video also
