ഇന്ത്യയിലെ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം എണ്ണപകരുന്നതായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ റിപ്പോര്‍ട്ട്. ഗോരക്ഷകരുടെ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഇന്‍സ്റ്റഗ്രാം പരാജയപ്പെട്ടുവെന്നും ധനസമാഹരണത്തിനായി സമൂഹമാധ്യമത്തെ ഉപയോഗപ്പെടുത്തിയതായും പഠനത്തില്‍ പറയുന്നു.
ആക്രമണങ്ങള്‍ വ്യാപിക്കല്‍; ഇന്ത്യയിലെ ഗോസംരക്ഷണ പ്രവര്‍ത്തനങ്ങളെ ഇന്‍സ്റ്റഗ്രാം എങ്ങനെ സ്വാധീനിക്കുന്നു എന്ന തലക്കെട്ടിലാണ് പഠനം പുറത്തുവിട്ടത്. 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുപിന്നാലെ പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ധിച്ചതായി പഠനത്തില്‍ പറയുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ യുവാക്കള്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ഇന്‍സ്റ്റഗ്രാമിലൂടെ ഗോസംരക്ഷകര്‍ക്കിടയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നതായും സിഎസ്ഒഎച്ച് പുറത്തുവിട്ട കുറിപ്പിലുണ്ട്.
ആക്രമണങ്ങളിലും വിദ്വേഷ പരാമര്‍ശങ്ങളിലും ഉള്‍പ്പെട്ട 1,023 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 30 ശതമാനം അക്കൗണ്ടുകളും ഗോസംരക്ഷകരുടെയും മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും വീഡിയോകള്‍ പങ്കിട്ടതായാണ് കണ്ടെത്തല്‍. ഇതില്‍ 95 ശതമാനത്തോളം വരുന്ന 793 അക്കൗണ്ടുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ഇതില്‍ 320 അക്കൗണ്ടുകള്‍ ഉള്‍പ്പെട്ട ഹരിയാനയാണ് ഒന്നാമത്.
പശുക്കടത്ത് ആരോപിച്ച് മുസ്ലിങ്ങളെ ആക്രമിക്കുന്നതിന്റെ 121 ഇന്‍സ്റ്റഗ്രാം റീലുകളും ഷോര്‍ട്ട് വീഡിയോകളും പഠനത്തിന് വിധേയമാക്കി. 83 ലക്ഷത്തിലധികം തവണയാണ് വീഡിയോ പ്ലേ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതിലധികം വീഡിയോകള്‍ ഓരോന്നും ഒരുലക്ഷത്തിലധികം തവണ പ്ലേ ആയിട്ടുണ്ട്. ആള്‍ക്കൂട്ട മർദനം, വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കല്‍ തുടങ്ങിയ വീഡിയോകള്‍ക്ക് മറ്റുള്ളവയെക്കാള്‍ മൂന്നിരട്ടി സ്വീകാര്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. പശുസംരക്ഷകര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിനായി വിവിധ അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുന്നതിന് ഇന്‍സ്റ്റഗ്രാമിന് വീഴ്ച സംഭവിച്ചുവെന്ന് സിഎസ്ഒഎച്ച് ചൂണ്ടിക്കാണിക്കുന്നു. ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ നയമനുസരിച്ച് വിദ്വേഷം, ക്രിമിനല്‍-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ടയര്‍ 1 അപകട പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശുസംരക്ഷകരുടെ ആക്രമണങ്ങള്‍ ടയര്‍ 1 പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും നടപടി സ്വീകരിക്കണമെന്നും സിഎസ്ഒഎച്ച് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.